Kerala
CPM did not oppose private sector, it opposed globalization: MV Govindan
Kerala

സ്വകാര്യമേഖലയെ സി.പി.എം എതിർത്തിട്ടില്ല, ആഗോളവത്കരണത്തെയാണ് എതിർത്തത്: എം.വി. ഗോവിന്ദൻ

Web Desk
|
6 Feb 2024 12:14 PM GMT

പിണറായി വിജയൻ ഭരണം നടത്തുന്നത് കൊണ്ട് ഇത് സോഷ്യലിസ്റ്റ് ഭരണ സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട്: സ്വകാര്യമേഖലയെ സിപിഎം എതിർത്തിട്ടില്ലെന്നും ഇഎംഎസിന്റെ കാലം മുതൽ സ്വകാര്യമേഖയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിദ്യാഭ്യാസ രംഗത്ത്‌ സ്വകാര്യമേഖലയുണ്ടെന്നും ആഗോളവത്കരണത്തെയാണ് സിപിഎം എതിർത്തതെന്നും സ്വകാര്യ മൂലധനത്തെയല്ലെന്നും അദ്ദേഹം പാലക്കാട് ചിറ്റൂരിൽ നടന്ന കേരള എൻജിഒ യൂണിയൻ പരിപാടിയിൽ പറഞ്ഞു. വിദേശ സർവകലാശാലകളും സ്വകാര്യ സർവലകാശാലകളും സംസ്ഥാനത്ത് കൊണ്ടുവരുന്നതായി പുതിയ സംസ്ഥാന ബജറ്റിൽ പരാമർശിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

'സ്വകാര്യ മൂലധനത്തെ ഞങ്ങൾ അന്നും എതിർത്തിട്ടില്ല, ഇന്നും എതിർത്തിട്ടില്ല, ഇനിയും എതിർക്കില്ല' എംവി ഗോവിന്ദൻ പറഞ്ഞു. ബജറ്റിൽ സ്വകാര്യ മേഖലയിൽ ഊന്നൽ നൽകിയെന്നതാണ് പുതിയ ആരോപണമെന്നും ഇത് കേട്ടാൽ നമ്മുടേത് കമ്യൂണിസ്റ്റ് രാജ്യമാണെന്ന് വിചാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലക്കെതിരെയല്ല സമരം നടത്തിയതെന്നും അവകാശപ്പെട്ടു. പിണറായി വിജയൻ ഭരണം നടത്തുന്നത് കൊണ്ട് ഇത് സോഷ്യലിസ്റ്റ് ഭരണ സംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും ഇന്ത്യ പല മൂലധന ശക്തികളുടെയും താൽപര്യം സംരക്ഷിക്കുന്ന ഭരണകൂട വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയൻ പാലക്കാട് ജില്ലാ വജ്ര ജൂബിലി മന്ദിരം ചിറ്റൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പുതിയ വിവാദങ്ങളിൽ നിലപാട് പറഞ്ഞത്.

സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനൊപ്പം വിദേശ സര്‍വകലാശാലകളെ കൂടി മനംതുറന്ന് സ്വാഗതം ചെയ്യുന്നതാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ഇത്തവണത്തെ ബജറ്റ്. ഇതിനായി വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കുന്ന നിക്ഷേപക നയത്തിനു രൂപംനല്‍കുമെന്നും ബജറ്റിലുണ്ട്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. ഇതിനായി സമഗ്ര പദ്ധതി തയ്യാറാക്കും. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം. നിക്ഷേപ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ക്യാമ്പസുകൾ സംരംഭകരെയും സംരംഭങ്ങളെയും വളർത്തിയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർചത്തു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്കായി 250 കോടി ബജറ്റിൽ വകയിരുത്തി.

സ്‌പെഷ്യൽ സ്‌കോളർഷിപ് ഫണ്ട് 10 കോടിയും ബജറ്റിൽ മാറ്റിവച്ചു. എപിജെ അബ്ദുൾ കലാം സർവകലാശാലക്ക് 10 കോടി, സർവകലാശാലകൾക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ 71 കോടി എന്നിവയും വകയിരുത്തി. ഓക്‌സ്‌ഫോഡ് സർവകലാശാലയിൽ പി.എച്ച്.ഡിക്ക് ധനസഹായവും ബജറ്റിൽ പ്രഖ്യാപിച്ചു. ഇവർ 3 വർഷം കേരളത്തിൽ നിർബന്ധിത സേവനം ചെയ്യണം. സ്വകാര്യ വ്യവസായ പാർക്ക് 25 എണ്ണം കൂടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

CPM did not oppose private sector, it opposed globalization: MV Govindan

Similar Posts