പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഎമ്മിൽ അതൃപ്തി; ശ്രദ്ധയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് ഒരുവിഭാഗം
|ഒന്നോ രണ്ടോ നേതാക്കൾ മാത്രം നടത്തിയ നീക്കമാണിതെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നത്
പാലക്കാട്: ഹോട്ടൽ പരിശോധനയിൽ സിപിഎമ്മിൽ അതൃപ്തി. വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പായതിനാൽ നേതാക്കൾ അതൃപ്തി പരസ്യമാക്കിയില്ല.
കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണം ഉണ്ടെന്ന വിവരം പൊലീസിന് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന അരങ്ങേറിയത്. എന്നാൽ അവിടെ നിന്നും പണമൊന്നും കണ്ടെത്താനായില്ല. മാത്രമല്ല സിപിഎമ്മിനൊപ്പം ബിജെപി പ്രവർത്തകർ കൂടി സ്ഥലത്ത് എത്തിയതും പാർട്ടിക്ക് ക്ഷീണമായി. പിന്നാലെയാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പ്രകടമായത്.
ഒന്നോ രണ്ടോ നേതാക്കൾ മാത്രം നടത്തിയ നീക്കമാണിതെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. കുറെക്കൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ഇതിപ്പോൾ പാളിപ്പോയെന്നും യുഡിഎഫിന് അനുകൂലമായ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നുമാണ് ഒരുവിഭാഗം നേതാക്കൾ വിലയിരുത്തുന്നത്. മുതിർന്ന നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്നും കൊട്ടിഘേഷിച്ച് വലിയ രീതിയിൽ പരിശോധന നടത്തിയിട്ട് ഒന്നും കണ്ടെത്താത്തതും വനിതാ നേതാക്കളുടെ മുറിയിലടക്കം കയറിയത് ക്ഷീണമാകുമെന്നും ഇവര്‍ പറയുന്നു.
അതേസമയം കളളപ്പണവുമായി ബന്ധപ്പെട്ട് സിപിഎം നൽകിയ പരാതിയിൽ പൊലീസ് നടപടി ഉടനുണ്ടായേക്കും. രാവിലെ നീല ട്രോളി ബാഗുമായി എൽഡിഎഫ് യുവജന സംഘടനകൾ പാലക്കാട് കോട്ടമൈതാനത്ത് പ്രതിഷേധ പ്രകടനം നടത്തി. ജനങ്ങളെ സത്യം അറിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സ്ഥാനാര്‍ഥി പി. സരിൻ പറഞ്ഞു.
Watch Video Report