Kerala
cpm
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; സി.പി.എം ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും

Web Desk
|
17 Feb 2024 1:17 AM GMT

ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശം പാർലമെന്‍റ് കമ്മിറ്റിയും പിന്നീട് സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്യും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദേശം ചർച്ച ചെയ്യുന്ന സി.പി.എം ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശം പാർലമെന്‍റ് കമ്മിറ്റിയും പിന്നീട് സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്യും. ഈ മാസം 27ന് ആയിരിക്കും സി.പി.എം സ്ഥാനാർഥി പ്രഖ്യാപനം.

സി.പി.എം മത്സരിക്കുന്ന 15 ലോക്സഭാ സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇന്നലത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്നിരുന്നു. വിജയസാധ്യതയ്ക്ക് അപ്പുറം മറ്റൊരു പരിഗണന ഒന്നും വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായ തീരുമാനം. സ്ഥാനാർഥികളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ നിർദേശം ഇന്നും നാളെയുമായി ചേരുന്ന ജില്ലാ നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരും. ജില്ലാ നേതൃയോഗങ്ങളുടെ ചർച്ചയ്ക്ക് പിന്നാലെ പാർലമെന്‍റ് മണ്ഡലം കമ്മിറ്റികളും സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കും. ഇത് ക്രോഡീകരിച്ച് 21ന് ചേർന്ന സംസ്ഥാന കമ്മിറ്റി സ്ഥാനാർഥിപട്ടികയുടെ രൂപരേഖ തയ്യാറാക്കും. അതിനുശേഷം പാർലമെന്‍റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം വാങ്ങി കേന്ദ്ര നേതൃത്വത്തിന് അയക്കും. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ ഈ മാസം 27 സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്ക് പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്..എളമരം കരിം ആയിരിക്കും കോഴിക്കോട്ടെ സ്ഥാനാർഥി. ജില്ലാ നേതൃത്വത്തിന് എതിർപ്പുണ്ടെങ്കിലും കഴിഞ്ഞതവണ വിജയിച്ച ഏക എല്‍.ഡി.എഫ് എംപിയായ ആരീഫ് തന്നെയായിരിക്കും ആലപ്പുഴയിൽ കളത്തിൽ ഇറങ്ങുക. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനെതിരെ സി.എസ് സുജാത അടക്കമുള്ളവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. ചാലക്കുടിയിൽ സി. രവീന്ദ്രനാഥിന്‍റെ പേരും പാലക്കാട് എ. വിജയരാഘവന്‍റെ പേരുമാണ് പാർട്ടിയുടെ മുൻഗണന പട്ടികയിൽ ഉള്ളത്.



സി.പി.എമ്മിലെ ഗ്ലാമർ മുഖമായ കെ.കെ ശൈലജയെ കണ്ണൂർ മത്സരിപ്പിക്കണമോ എന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി സ്ഥാനാര്‍ഥിയാകാനാണ് സാധ്യത . പൊന്നാനിയിൽ ജലീലിനെ പരിഗണിക്കുന്നുണ്ടെങ്കിലും കാന്തപുരം വിഭാഗത്തിന്റെ എതിർപ്പ് സിപിഎമ്മിന് തലവേദന ആകുന്നുണ്ട്. മന്ത്രി വി അബ്ദുറഹ്മാനെ മത്സരിപ്പിക്കാൻ ആലോചന ഉണ്ടെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. മലപ്പുറത്ത് വിപി സാനുവിന്റെ പേരാണ് വീണ്ടും പാർട്ടി നേതൃത്വത്തിന് മുന്നിൽ വന്നിരിക്കുന്നത്. ആലത്തൂരിൽ രാധാകൃഷ്ണന് മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ആഗ്രഹമെങ്കിലും അദ്ദേഹത്തിന് എതിർപ്പുണ്ട്. എ കെ ബാലനോ പി.കെ ജമീലയോ ആലത്തൂരിൽ വന്നേക്കും.

Similar Posts