'സംസ്ഥാന കമ്മിറ്റി അംഗത്തിന് ചേരാത്ത പെരുമാറ്റമുണ്ടായി'; സുധാകരനെതിരായ നടപടിക്ക് സിപിഎം വിശദീകരണം
|പരസ്യശാസനയ്ക്ക് പിന്നാലെ ജി സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
സംസ്ഥാന കമ്മിറ്റി അംഗത്തിന് ചേരാത്ത പെരുമാറ്റമാണ് ജി സുധാകരനിൽനിന്നുണ്ടായതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. സുധാകരനെതിരായ നടപടി സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിലൂടെ പരസ്യപ്പെടുത്തി. അതേസയമം, വീഴ്ചയുണ്ടായില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയസന്ദർഭത്തിലും തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരൻ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ പറയുന്നു. ഇതിന്റെ പേരിൽ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും കുറിപ്പിലുണ്ട്. സുധാകരനെ പരസ്യമായി ശാസിക്കാനുള്ള സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
പരസ്യശാസനയ്ക്ക് പിന്നാലെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണെന്നാണ് അറിയുന്നത്. കോടിയേരി ബാലകൃഷ്ണനെയും സുധാകരന് കണ്ടിട്ടുണ്ട്. സുധാകരനെ തിരുത്തി കൂടെനിര്‍ത്തണമെന്ന പൊതുതീരുമാനപ്രകാരമാണിത്. ഇക്കാര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു.
എന്നാൽ, നടപടിയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ആലപ്പുഴയിലെ അത്ര വോട്ട് അമ്പലപ്പുഴയിൽ ചോർന്നില്ലെന്നാണ് സുധാകരന്റെ വിശദീകരണം.
അതിനിടെ, അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയെ സംബന്ധിച്ചുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് സുധാകരന് പ്രതീക്ഷിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാറ്റം ഉള്‍ക്കൊണ്ട് നേതാവിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അദ്ദേഹം തയാറായില്ല. മാറ്റത്തോടുണ്ടായ അസംതൃപ്തി സുധാകരന്റെ പെരുമാറ്റത്തില്‍ നിഴലിച്ചു. സംസാരഭാഷയിലും ശരീരഭാഷയിലും ഇത് പ്രകടമായി. സലാമിനെതിരായ വര്‍ഗീയ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സുധാകരന് ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.
അതേസമയം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് സുധാകരനെന്നാണ് ഇന്ന് സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം തെറ്റ് തിരുത്തി പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കണമെന്നും ആലപ്പുഴയില്‍നിന്നുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സുധാകരന് നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ് സംസ്ഥാന സമിതിയിൽ സുധാകരൻ പ്രതികരിച്ചത്.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച അന്വേഷിച്ച എളമരം കരീമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.