ഗവർണറുമായുള്ള പോരിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഎം തീരുമാനം
|പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമാരെ ഉപയോഗിച്ച് ഭരണത്തെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പോരില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി തീരുമാനം. ഗവര്‍ണറുടെ നിലപാടുകളെ രാഷ്ട്രീയമായി തുറന്ന് കാണിക്കും. നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതിരുന്നാല്‍ നിയമനടപടി വേണമോ രാഷ്ട്രീയപ്രതിരോധം മതിയോ എന്ന് അപ്പോള്‍ തീരുമാനിക്കും. ചാന്‍സലര്‍ സ്ഥാനം ഉപയോഗിച്ച് ആരിഫ് മുഹമ്മദ് ഖാന് സര്‍വ്വകലാശാലകളില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തൽ.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെയും സര്‍ക്കാര്‍ കാര്യങ്ങളില്‍ അനാവശ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായം പറഞ്ഞും നടക്കുന്ന ഗവര്‍ണര്‍ അമിതാധികാരംപ്രയോഗം നടത്തുന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഗവര്‍ണര്‍ സംഘപരിവാറിന്റെ രാഷ്ട്രീയചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വ്വകലാശാലകളില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ചാന്‍സലര്‍ പദവി ഉപയോഗിച്ചുള്ള അനാവശ്യഇടപെടല്‍. വിസി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറയ്ക്കുന്ന ബില്‍ പാസാക്കുന്നതിനൊപ്പം ഗവര്‍ണറുടെ നിലപാടുകളെ രാഷ്ട്രീയമായി തുറന്ന് കാണിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നില്ല.
സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമാരെ ഉപയോഗിച്ച് ഭരണത്തെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും യോഗം വിലയിരുത്തി. മന്ത്രിസഭയ്ക്ക് മുകളിലല്ല ഗവര്‍ണറുടെ അധികാരമെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതി വിധികള്‍ സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും നിലവില്‍ അത്തരത്തിലുള്ള കടുത്ത നിയമനടപടികളിലേക്ക് നീങ്ങേണ്ടെന്നാണ് നേതൃത്വത്തിലെ ധാരണ.