Kerala
പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർക്ക് വഴങ്ങേണ്ടെന്ന തീരുമാനവുമായി സി.പി.എം; നിയമനടപടി സ്വീകരിച്ചാൽ നേരിടാൻ ധാരണ
Kerala

പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർക്ക് വഴങ്ങേണ്ടെന്ന തീരുമാനവുമായി സി.പി.എം; നിയമനടപടി സ്വീകരിച്ചാൽ നേരിടാൻ ധാരണ

Web Desk
|
21 Feb 2022 1:04 AM GMT

സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യു.ഡി.എഫ് യോഗം ഇന്ന്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ഗവർണർ നിയമ നടപടി സ്വീകരിച്ചാലും അതിനെ നേരിടാൻ നേതൃതലത്തിൽ ധാരണയായി. ഇക്കാര്യത്തിൽ സി.പി.ഐ യുടെ പിന്തുണയും സി.പി.എമ്മിനുണ്ട്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകാൻ പാടില്ലെന്നാണ് ഗവർണറുടെ നിലപാട്.അതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് വരെ ഗവർണർ പറഞ്ഞ് കഴിഞ്ഞു.എന്നാൽ ഇക്കാര്യത്തിൽ ഗവർണറുടെ നിലപാട് അംഗീകരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ പ്രവർത്തിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ. ന്നാൽ അത് പരസ്യമായി പറയാൻ പാർട്ടി തയ്യാറല്ല. ഗവർണറുമായി നേരിട്ടുള്ളേ പോരിന് നിൽക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. മൃദു സമീപനത്തിൽ പ്രതിപക്ഷം നിയമസഭയിൽ വിമർശനമുയർത്തിയിൽ അതിന് അവിടെ മറുപടി നൽകാനാണ് നീക്കം. ഗവർണർ ലോകായുക്ത വിഷയങ്ങളിൽ സി.പി.ഐ എതിർപ്പ് ഉയർത്തുന്നുണ്ടെങ്കിലും പെൻഷൻ വിഷയത്തിൽ സി.പി.എമ്മിന് സി.പി .ഐ യുടെ പിന്തുണയുണ്ട്. പ്രതിപക്ഷവും അതിനെ എതിർക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതേ സമയം മുൻ എം.എൽ.എ പി.ടി തോമസിന് ഇന്ന് നിയമസഭ ചരമോപചാരം അർപ്പിക്കും. സ്പീക്കർ , മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കൾ എന്നിവർ പി.ടി തോമസിനെ അനുസ്മരിക്കും. മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതൽ 24 വരെ നടക്കുന്ന ചർച്ചകൾക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കില്ല. മാർച്ച് 11 നാണ് ബജറ്റ്.

യു.ഡി.എഫ് യോഗം ഇന്ന്

നിയമസഭക്കകത്തും പുറത്തും സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10.30 ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലാണ് യോഗം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളും യോഗത്തിന്റെ പരിഗണനക്ക് വരും. ആർ.എസ്.എസ് അജണ്ടയാണ് ഗവർണർ നടപ്പാക്കുന്നതെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, ഇത് തുറന്നു കാട്ടുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്‌കരിക്കും. ഗവർണറും സർക്കാരും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന പ്രചരണവും യു.ഡി. എഫ് ശക്തമാക്കും. കെ റെയിൽ വിഷയത്തിലടക്കം സർക്കാരിനെതിരെ പ്രഖ്യാപിച്ച സമരപരിപാടികൾ പുനരാരംഭിക്കുന്നതും യോഗത്തിൻറെ ചർച്ചക്ക് വരും. നിയമസഭാ സമ്മേളനത്തിൽ കൈക്കൊളേളണ്ട തന്ത്രങ്ങൾക്കും യോഗം രൂപം നൽകും.

Similar Posts