ഷാനവാസിനെ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സി.പി.എം തീരുമാനം
|ലഹരിക്കടത്ത് കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് സി.പി.എം നേതാവായ ഷാനവാസ്
ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണം നേരിടുന്ന ഷാനവാസിനെ ആലപ്പുഴ നഗരസഭാ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന് സി.പി.എം. നഗരസഭാ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.എം നിലപാട് അറിയിച്ചു. പാർട്ടിയുടെയും പൊലീസിന്റെയും അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കും. യോഗത്തിൽ ഷാനവാസ് പങ്കെടുത്തില്ല.
ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിൽനിന്ന് പാൻമസാല പിടികൂടിയതിനെ തുടർന്നാണ് ഷാനവാസിനെതിരെ ആരോപണമുയർന്നത്. ലോറി ഇടുക്കി സ്വദേശിയായ വ്യക്തിക്ക് വാടകക്ക് കൊടുത്തതാണ് എന്നാണ് ഷാനവാസിന്റെ വാദം. എന്നാൽ ലോറിയുടെ വാടക കരാർ പൂർണമായും വിശ്വാസ്യയോഗ്യമല്ലെന്ന നിലപാടിലാണ് പൊലീസ്.
ഷാനവാസിനെ പാർട്ടി അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ എന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. ഷാനവാസിന് ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞിരുന്നു.