ആർഎസ്എസുമായി നീക്കുപോക്കിന് തയ്യാറാവാത്ത പാർട്ടിയാണ് സിപിഎം: എ. വിജയരാഘവൻ
|ആർഎസ്എസ്-സിപിഎം ബന്ധം ആരോപിക്കുന്നവർ അവരുമായി വോട്ടുകച്ചവടം നടത്തിയവരാണെന്നും വിജയരാഘവൻ ആരോപിച്ചു.
തൃശൂർ: ആർഎസ്എസുമായി ഒരു നീക്കുപോക്കിനും തയ്യാറാവാത്ത പാർട്ടിയാണ് സിപിഎം എന്ന് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ട്. ആർഎസ്എസ്-സിപിഎം ബന്ധം ആരോപിക്കുന്നവർ അവരുമായി വോട്ടുകച്ചവടം നടത്തിയവരാണെന്നും വിജയരാഘവൻ ആരോപിച്ചു.
കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആർഎസ്എസ് ബന്ധം പുലർത്തിയവരാണ്. തൃശൂരിൽ കോൺഗ്രസിന്റെ 86,965 വോട്ടുകൾ ബിജെപിക്ക് പോയി. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞത് കോൺഗ്രസിന്റെ മുൻ നേതാവ് പത്മജ വേണുഗോപാൽ ആണ്. എ.കെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതും വിജയരാഘവൻ ഓർമിപ്പിച്ചു.
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരമറിഞ്ഞിട്ടും 16 മാസം വി.ഡി സതീശൻ ഒളിപ്പിച്ചുവെച്ചത് എന്തിനാണെന്ന് വിജയരാഘവൻ ചോദിച്ചു. ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ആർഎസ്എസ് നേതാവിനെ കണ്ടത് എന്തിനാണെന്ന് അറിയില്ല. കൂടിക്കാഴ്ചയുടെ കാരണമറിയാതെ പ്രതികരിക്കാനാവില്ലെന്നും വിജയരാഘവൻ പറഞ്ഞു.