സിപിഎമ്മിന് ഇ.പിയോടും എഡിജിപിയോടും രണ്ട് നിലപാട്: വി.ഡി സതീശൻ
|ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ ചർച്ച ചെയ്തത് എന്തെന്ന് അറിയണമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎമ്മിന് ഇ.പി ജയരാജനോടും എഡിജിപി എം.ആർ അജിത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സിപിഎമ്മിൻ്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ ചർച്ച ചെയ്തത് എന്തെന്ന് അറിയണം. ഭരണകക്ഷി എംഎൽഎ വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് മിണ്ടാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിർത്താനാവും എ.എൻ ഷംസീർ ഇറങ്ങിയത്. സി.എം ഓഫീസിൽ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ശക്തി പ്രവർത്തിക്കുന്നു എന്ന ഞങ്ങളുടെ വാദം ശരിയായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'പി.വി അൻവറിന് പിന്നിൽ പ്രതിപക്ഷമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം പറഞ്ഞതാണ് ശരി. കൃത്യമായ നിയമവശം പരിശോധിച്ചാണ് പ്രതിപക്ഷം നിലപാടെടുത്തത്. മുഖം നോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സംസ്ഥാന സർക്കാർ സ്വീകരിച്ചത് സ്ത്രീ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Watch Video Report