'സിപിഎം ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്ന പാർട്ടിയല്ല': എംവി ജയരാജൻ
|മനുവിന്റെ പരാതിയിൽ വസ്തുതയില്ലെന്ന് ജയരാജൻ
കണ്ണൂർ: സിപിഎം ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്ന പാർട്ടിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ ബന്ധമെന്ന മനു തോമസിന്റെ ആരോപണം എംവി ജയരാജൻ തള്ളി. മനുവിന്റെ പരാതിയിൽ വസ്തുതയില്ലെന്ന് ജയരാജൻ പറഞ്ഞു.
മനുവിനെ പാർട്ടി പുറത്താക്കിയിട്ടില്ല.15 മാസമായി മനു പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാറില്ലായിരുന്നു. പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല. യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജറിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന മനു തോമസിനന്റെ പരാതി അടിസ്ഥാന രഹിതമാണ്. മനു തോമസ് നൽകിയ പരാതിയിൽ വസ്തുത ഇല്ലെന്ന് കണ്ട് തള്ളികളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോയതാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസ് പറഞ്ഞിരുന്നു.
മനു 2023 ഏപ്രിലിന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ല. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ മനു നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു. പരാതിയിൽ അനുകൂല നിലപാട് ഉണ്ടായില്ലെന്നും മനസ്സ് മടുത്താണ് പാർട്ടി വിടുന്നതെന്നും മനു പറയുന്നു.