അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ 'സംഘ്പരിവാര്‍ ബന്ധം', മലപ്പുറം പരാമര്‍ശം, പി.വി അന്‍വര്‍; ചോദ്യങ്ങളുയര്‍ത്തി സിപിഎം സംസ്ഥാന കമ്മിറ്റി
|പി.വി അൻവറിനു പിന്നിൽ അണിനിരക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയെ ബാധിക്കില്ലേ എന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചോദ്യമുയര്‍ന്നു. സമ്മർദങ്ങൾക്ക് വഴങ്ങി അജിത്തിനെ മാറ്റിയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണംചെയ്യില്ലെന്ന് ചില അംഗങ്ങൾ പറഞ്ഞു. പി.വി അൻവറിനു പിന്നിൽ അണിനിരക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ ഉണ്ടായ എല്ലാ വിഷയങ്ങളും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ചർച്ചയിൽ വന്നിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിനെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അതേ തീവ്രതയിലല്ല കാണുന്നത്.
അജിത്തിനെതിരായ നടപടി വൈകുന്നത് സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കില്ലേ എന്ന ചോദ്യം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. അജിത്തിനെതിരെ നേരത്തെ തന്നെ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും ഘടകകക്ഷികളുടെ സമ്മർദത്തിനു വഴങ്ങി മാറ്റിയെന്ന് തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം നടപടിയുണ്ടാകുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി.
പി.വി അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിൽ വന്നു. അൻവറിന്റെ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ജനക്കൂട്ടം താൽക്കാലികമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്നാൽ, അൻവറിന്റെ പിന്നിൽ അണിനിരക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയം ഗൗരവമായി പരിഗണിക്കണമെന്ന തീരുമാനവും സംസ്ഥാന നേതൃത്വം എടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു. മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പരിക്കുണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും, പിആർ ഏജൻസി ഇല്ല എന്ന മുഖ്യമന്ത്രിയുടെ വാദം ജനങ്ങൾ വിശ്വാസത്തിൽ എടുത്തിട്ടുണ്ടോ എന്നും ചോദ്യമുയര്‍ന്നപ്പോള്‍, ഹിന്ദു ദിനപത്രത്തിന്റെ വിശദീകരണം പാർട്ടിക്കും സർക്കാരിനും കൂടുതൽ ക്ഷീണമുണ്ടാക്കിയെന്നും വിലയിരുത്തലുണ്ടായി. പിആർ ഏജൻസി ഇല്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നേതൃയോഗത്തിൽ നൽകിയത്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ബന്ധം ആരോപിക്കുന്ന ഘട്ടത്തിൽ, അതിനെ പ്രതിരോധിക്കാൻ സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഒരു രേഖ തയാറാക്കിയിട്ടുണ്ട്. സംഘ്പരിവാർ വിരുദ്ധ പോരാട്ടം എങ്ങനെ തുടരണമെന്നാണ് പാർട്ടി രേഖയിൽ വ്യക്തമാക്കുന്നത്.
Summary: CPM Kerala state committee raises questions on the delay in action against ADGP MR Ajith Kumar