സി.പി.എം കോട്ടയം ജില്ലാസമ്മേളനത്തിന് ഇന്നു തുടക്കം; കേരള കോൺഗ്രസ് എമ്മിന്‍റെ കടന്നുവരവടക്കം ചർച്ചയാകും
|ജില്ല കമ്മിറ്റിയിലടക്കം വലിയ അഴിച്ച് പണിയുണ്ടാകുമെന്നാണ് വിവരം
സി.പി.എമ്മിന്‍റെ കോട്ടയം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസമായി നടക്കുന്ന ജില്ല സമ്മേളനത്തിൽ കേരള കോൺഗ്രസ് എമ്മിന്‍റെ കടന്നുവരവടക്കം ചർച്ചയാകും. ജില്ല കമ്മിറ്റിയിലടക്കം വലിയ അഴിച്ച് പണിയുണ്ടാകുമെന്നാണ് വിവരം.
എസ്.ഡി.പി.ഐ ബന്ധം അടക്കം ചർച്ചയാകും. വലിയ ആത്മവിശ്വാസത്തോടെയാണ് ഇത്തവണത്തെ ജില്ല സമ്മേളനത്തിലേക്ക് കോട്ടയത്തെ സി.പി.എം കടക്കുന്നത്. യു.ഡി.എഫ് കോട്ടയിൽ കേരള കോൺഗ്രസിനെ കൂട്ടുപിടിച്ച് കരുത്ത് തെളിയിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു മന്ത്രി പോലും ഉണ്ടായി. നേതൃത്വത്തിന് ഉയർത്തിക്കാട്ടാൻ നേട്ടങ്ങൾ ഒട്ടനവധി.
എന്നാൽ വിമർശങ്ങളും അതിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവി ചർച്ചയാകും. കേരളാ കോൺഗ്രസ് ജോസ് വിഭാഗവുമായുള്ള ബന്ധം ഇപ്പോഴും ദഹിക്കാത്തവരുമുണ്ട്. ഈരാറ്റുപേട്ടയിലെ നഗരസഭയിലെ എസ്.ഡി.പി.ഐ പിന്തുണയും പിന്നാലെ വന്ന പ്രശ്നങ്ങളും സമ്മേളനത്തിൽ കല്ലുകടിയുണ്ടാകും. പാലാ ബിഷപ്പിനെ ന്യായീകരിച്ച മന്ത്രി വി.എൻ വാസന്‍റെ പ്രസ്താവനയും വിമർശനമാകാൻ സാധ്യതയുണ്ട്. കെ റെയിൽ ഭൂമിയേറ്റെടുപ്പും നേതാക്കൾ വിശദീകരിക്കേണ്ടി വരും.
ജില്ല കമ്മിറ്റിയിലും അഴിച്ചുപണിയുണ്ടാകും. 37 അംഗ കമ്മിറ്റി 38 ആക്കും. സംസ്ഥാന സമിതി അംഗമായി വി.എൻ വാസവനും ഒരു മുതിർന്ന അംഗവും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കും. പകരം പുതുമുഖങ്ങളെ കൊണ്ടുവന്നേക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധികളുടെ എണ്ണം 270ൽ നിന്ന് 200 ആക്കി കുറച്ചിട്ടുണ്ട്.