ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം; മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം
|മ്ലേച്ഛമായ പരാമർശം നടത്തുമ്പോൾ അത് ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവ് എന്ന് പി മോഹനൻ
കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം മാപ്പ് പറച്ചിൽ കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം. നിയമനടപടി സ്വീകരിക്കുന്നത് പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. നികൃഷ്ടമായ നിലയിൽ കെ എസ് ഹരിഹരൻ പ്രസംഗിക്കുമ്പോൾ യുഡിഎഫ് നേതാക്കൾ വേദിയിലുണ്ടായിരുന്നു എന്നും മ്ലേച്ഛമായ പരാമർശം നടത്തുമ്പോൾ അത് ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവ് എന്നും പി മോഹനൻ ചോദിച്ചു..
"ആർഎംപിക്കാരനായ ഒരാൾ പ്രസംഗം നടത്തി എന്നതല്ല, പ്രസംഗിക്കുമ്പോൾ ആര് വേദിയിലുണ്ട് എന്നതാണ് ശ്രദ്ധേയം. ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വേദിയിലുണ്ട്. എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് അപ്പോൾ ഇടപെട്ടില്ല? മ്ലേച്ഛമായ പരാമർശം നടത്തുമ്പോൾ അത് ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവ്?...
ഇത്രയും നികൃഷ്ടമായ രീതിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തി അധിക്ഷേപിക്കുമ്പോൾ, അത് കേവലം ഖേദപ്രകടനത്തിലൂടെ അവസാനിക്കും എന്നാണോ കരുതേണ്ടത്? ജാള്യത മറയ്ക്കാനുള്ള നടപടികൾ നാട് അംഗീകരിക്കില്ല. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന നീക്കങ്ങളാണ് ഉണ്ടായത്. കെഎസ് ഹരിഹരനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം സിപിഎം ആലോചിക്കും" മോഹനൻ പറഞ്ഞു.