സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം
|ന്യായമായ കാര്യങ്ങൾക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സമ്മേളന പ്രതിനിധികൾ കുറ്റപ്പെടുത്തി
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തിയാണ് സിപിഎം പ്രതിനിധികളുടെ വിമർശനം. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തോവെന്ന ചോദ്യത്തിനാണ് സിപിഎം സമ്മേളന വേദി സാക്ഷിയായത്
ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നും യുഎപിഎ കേരളത്തിൽ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോയെന്നും സിപിഎം പ്രതിനിധികൾ സമ്മേളനത്തിൽ ചോദിച്ചു. അലനെയും താഹയെയും അറസ്റ്റ് ചെയ്ത സമയത്തു തന്നെ അവർ തികഞ്ഞ പാർട്ടി പ്രവർത്തകരായിരുന്നു. ന്യായമായ കാര്യങ്ങൾക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സമ്മേളന പ്രതിനിധികൾ കുറ്റപ്പെടുത്തി. വടകരയിലെയും കുറ്റ്യാടിയിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രശ്‌നങ്ങളും സമ്മേളനത്തിൽ പ്രധാന വിഷയമായി. സിപിഎം സമ്മേളനത്തിൽ ഉയർന്നു വന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മറുപടി പറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് സിപിഎം ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പ് രൂക്ഷമായ വിമർശനം നേരിട്ടിരുന്നു.