'ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വൈര്യം കൊടുത്തില്ല, ഉമ്മൻ ചാണ്ടിയെ വലിച്ചിഴക്കുന്നു'; മാസപ്പടി വിവാദത്തിൽ എ.കെ ബാലൻ
|42 അംഗങ്ങളുള്ള പ്രതിപക്ഷത്തിൽ നാലു അംഗങ്ങൾ മാത്രമാണ് മാത്യു കുഴൽനാടൻ ഈ പ്രശ്‌നം കൊണ്ടവരുമ്പോൾ സഭയിലുണ്ടായിരുന്നതെന്നും എ.കെ ബാലൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പിണറായി വിജയനെയും മകൾ വീണയെയുമാണ് ലക്ഷ്യമിടുന്നതെന്നും എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നും സിപിഎം നേതാവ് എ.കെ ബാലൻ. ജീവിച്ചിരിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് സ്വൈര്യം നൽകിയിട്ടില്ലെന്നും മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലുമാണെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. 42 അംഗങ്ങളുള്ള പ്രതിപക്ഷത്തിൽ നാലു അംഗങ്ങൾ മാത്രമാണ് മാത്യു കുഴൽനാടൻ ഈ പ്രശ്‌നം കൊണ്ടവരുമ്പോൾ സഭയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം യുഡിഎഫിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രമാണ് ബാലൻ പയറ്റിയത്.
വീണാ വിജയന് എതിരായ ആരോപണത്തെ ജനങ്ങൾ പരമപുച്ഛത്തോടെ കാണുമെന്നും അവരുടെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുക വീണ വിജയന്റെ അകൗണ്ടില്ലേക്കല്ല പോയതെന്നും കമ്പനിയുടെ അകൗണ്ടിലേക്കാണെന്നും ബാലൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി മാസപ്പടി വാങ്ങിയോയെന്ന് മകനോട് ചോദിക്കണമെന്നും പിണറായി വിജയൻ കാശ് വാങ്ങിയെന്ന് എവിടെയാണ് പറയുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കരുതെന്ന് ആരു പറഞ്ഞുവെന്നും ബാലൻ ചോദിച്ചു.
നേതാക്കൻമാരുടെ മക്കളായാൽ റാങ്ക് കിട്ടിയാൽ പോലും സർക്കാർ ജോലി പാടില്ലെന്നാണെന്നും സ്വന്തം സംരംഭം തുടങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നും ബാലൻ ക്ഷോഭത്തോടെ പറഞ്ഞു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായം ഇപ്പോൾ വിഡി സതീശന് ഉണ്ടോയെന്നും എകെ ബാലൻ പറഞ്ഞു.