ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
|സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റാണ്
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരത്താണ് അന്ത്യം. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റും ദേശീയ ഉപാധ്യക്ഷനുമാണ്.
സി.പി.എം സംസ്ഥാന സമിതി അംഗവും മൂന്നു തവണ എം.എൽ.എയുമായിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാണ്. ജീവിതത്തിന്റെ അവസാനഘട്ടം വരെ തൊഴിലാളി പ്രസ്ഥാനത്തിന്റെ് മുന്നണിപ്പോരാളിയായിരുന്നു ആനത്തലവട്ടം ആനന്ദൻ. സി.പി.എം ഭരണത്തിലിരിക്കുമ്പോൾ പോലും തൊഴിലാളി അവകാശങ്ങൾക്കു വേണ്ടി ശബ്ദിച്ചുകൊണ്ടിരുന്നു. എന്നാൽ, മറുവശത്ത് ചാനൽ സംവാദങ്ങളിൽ ഉൾപ്പെടെ പാർട്ടിക്കു പ്രതിരോധമൊരുക്കുകയും ചെയ്തു.
22 ഏപ്രിൽ 1937ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി. കൃഷ്ണന്റെയും മകനായാണു ജനനം. കയർതൊഴിലാളികളുടെ ഒരണ സമരത്തിലൂടെയാണ് പൊതുരാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടുന്നത്. 1971ൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റായാണു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം. 1987, 1996, 2001 വർഷങ്ങളിൽ ആറ്റിങ്ങലിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ട്രാവൻകൂർ കയർ തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്‌സ് സെന്റർ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1972ൽ കേരള കയർ വർക്കേഴ്‌സ് സെന്റർ സെക്രട്ടറിയായി. അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു.
Summary: Senior CPM leader Anathalavattom Anandan passes away