അൻവറിനെതിരെ പാർട്ടിപ്പട; വിമർശനങ്ങളുമായി സിപിഎം നേതാക്കൾ
|പി.വി അൻവർ ഉത്തരം താങ്ങുന്ന പല്ലിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി, ഇടതുപക്ഷം വിട്ട് പോകാൻ അൻവർ കാരണങ്ങൾ ഉണ്ടാക്കുകയാണെന്ന് എം. സ്വരാജ്
തിരുവനന്തപുരം: പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ രംഗത്ത്. വലതുപക്ഷത്തിന്റെ ശൈലിയാണ് അൻവർ പിന്തുടരുന്നതെന്ന് പി. ജയരാജൻ ആരോപിച്ചു. അൻവർ സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തിൽ വലതുപക്ഷത്തിൻ്റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പി.വി അൻവർ ഉത്തരം താങ്ങുന്ന പല്ലിയാണെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം. പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല. ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി.വി അൻവർ നിലമ്പൂരിൽ ജയിച്ചത്. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത് എന്ന് ശിവൻകുട്ടി പറഞ്ഞു.
ഇടതുപക്ഷം വിട്ട് പോകാൻ അൻവർ കാരണങ്ങൾ ഉണ്ടാക്കുകയാണെന്നാണ് എം. സ്വരാജ് കുറ്റപ്പെടുത്തിയത്. അതേസമയം വിമർശിക്കുന്നവർ ആ വഴിക്ക് പോകണം എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് എം.എം മണി എംഎൽഎ അൻവറിന് മറുപടി നൽകിയത്.
അൻവർ ഇടതുപക്ഷ നിലപാടുകൾ മറന്നു പോകുന്നുവെന്നും പാർട്ടിയെ വെല്ലുവിളിച്ചുവെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ പറഞ്ഞു.