കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ വെട്ടിക്കൊന്ന കേസിൽ; 7 സി.പി.എം പ്രവർത്തകർക്ക് ഇരട്ടജീവപര്യന്തം
|സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെ 14 പേർക്കെതിരെ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷവിധിച്ചത്
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ വെട്ടിക്കൊന്ന കേസിൽ സി.പി.എം നേതാക്കളും പ്രവർത്തകരുമായ 7 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 5 പ്രതികൾക്ക് ജീവപര്യന്തവും രണ്ടു പ്രതികൾക്ക് മൂന്നുവർഷം വീതം തടവും വിധിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെ 14 പേർക്കെതിരെ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷവിധിച്ചത്.
അഞ്ചാംപ്രതി ഷിബു, ആറാം പ്രതി വിമൽ, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാൻ, ഒമ്പതാം പ്രതി രതീഷ്, പത്താം പ്രതി ബിജു, പതിനൊന്നാം പ്രതി രഞ്ജിത്ത് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഒന്നാം പ്രതി ഗിരീഷ് കുമാർ, മൂന്നാം പ്രതി അഫ്സൽ, നാലാം പ്രതി നജുമൽ ഹുസൈൻ, പന്ത്രണ്ടാം പ്രതി സാലി എന്ന കൊച്ചുണ്ണി, പതിമൂന്നാം പ്രതി റിയാസ് എന്ന മുനീർ എന്നിവർക്കാണ് ജീവപര്യന്തം.
പതിനാറാം പ്രതി സുമനും പതിനേഴാം പ്രതിയും സി..പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ബാബു പണിക്കർക്കും 3 വർഷം തടവ്. എല്ലാ പ്രതികൾക്കും ചേർത്ത് 56 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
ഐ.എൻ.ടി.യു.സി കൊല്ലം ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10-നാണ് വീട്ടിനുള്ളിൽ കയറി സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കേസിലെ ഒന്നാംപ്രതിയും സി.പി.എം പ്രവർത്തകനായിരുന്ന ഗിരീഷ് കുമാറും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗിരീഷിനെ ചിലർ മർദിച്ചതിന് പ്രതികാരമായി രാമഭദ്രനെ സി.പി.എം പ്രവർത്തകർ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടു. ജയമോഹൻ, റിയാസ്, മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗം മാർക്സൺ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതെവിട്ടത്. 19 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മാപ്പു സാക്ഷികളായി. ഒരാൾ മരിച്ചു.