Kerala
CPM leadership
Kerala

മനുവിന്റെ ആരോപണങ്ങളിൽ മൗനം തുടർന്ന് സിപിഎം നേതൃത്വം; പ്രതികരിക്കാതെ എംവി ഗോവിന്ദനും പി ജയരാജനും

Web Desk
|
29 Jun 2024 7:45 AM GMT

വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെതിരെ മനു തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ മൗനം തുടർന്ന് നേതൃത്വം. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ മറികടന്ന് പി ജയരാജൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വിഷയം വഷളാക്കിയെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു. വിഷയത്തിൽ പ്രതികരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പി ജയരാജനും തയ്യാറായില്ല.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ നേതാവിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളാണ്.സ്വർണക്കടത്ത് കൊട്ടേഷൻ സംഘങ്ങളുമായി ബന്ധം, പാർട്ടിയിൽ ഗ്രൂപ്പ്‌ ഉണ്ടാക്കാൻ ശ്രമിച്ചു, ഇങ്ങനെ പോകുന്നു ആരോപണങ്ങൾ. എന്നാൽ ജയരാജനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി നേതൃത്വം ഇതുവരെ രംഗത്ത് എത്തിയില്ല. കണ്ണൂർ ജില്ലാ സെക്രട്ടറിയോട് ചോദിക്കാൻ പറഞ്ഞ് ഒഴിയുകയാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെയ്തത്.

പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് പി ജയരാജനെതിരായ മനു തോമസിന്റെ നീക്കമെന്നും സൂചനയുണ്ട്. എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാൻ പി ജയരാജൻ തയ്യാറായില്ല. വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടരുകയാണ്. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങളും തുടർ പ്രതികരണങ്ങളും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.

Similar Posts