സിപിഎം നേതൃത്വം കൊടുത്ത നെടുങ്ങോലം സഹ.ബാങ്കിൽ തിരിമറി; ഒന്നര കോടി രൂപ തട്ടിയെന്ന് പരാതി
|വസ്തു ഉടമയ്ക്ക് ബാങ്കിൽ നിന്നും ലോൺ നൽകിയത് പ്രാഥമിക അംഗത്വം പോലും ഇല്ലാതെ
കൊല്ലം നെടുങ്ങോലം സഹകരണബാങ്കിൽ സി.പി.എം നേതൃത്വം കൊടുത്ത ഭരണസമിതി ഗുരുതര ക്രമകേടുകൾ നടത്തിയെന്ന പരാതിയുമായി ഇടപാടുകാരൻ. മുൻ ബാങ്ക് പ്രസിഡന്റും ഭാര്യയും ഗഹാൻ തിരുത്തി തട്ടിയത് ഒന്നര കോടിയിലധികം രൂപ. വസ്തു ഉടമയ്ക്ക് ബാങ്കിൽ നിന്നും ലോൺ നൽകിയത് പ്രാഥമിക അംഗത്വം പോലും ഇല്ലാതെ. വിശദമായ അന്വേഷണം നടന്നാൽ കൂടുതൽ തട്ടിപ്പിന്റെ വിവരം പുറത്ത് വരുമെന്ന് പരാതിക്കാരൻ.
നെടുങ്ങോലം സഹകരണബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുനായ അനിൽ, ഇദ്ദേഹത്തിന്റെ ഭാര്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ബിന്ദു, ബാങ്കിലെ മറ്റ് ജീവനക്കാർ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം. പരാതിക്കാരൻ മോഹനദാസിന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവിൽ ആറ് ഗഹാനുകളിലായി മുപ്പത് ലക്ഷം രൂപയുടെ ലോണാണ് ഒപ്പിട്ടു വാങ്ങിയത്. പിന്നീട് രജിസ്റ്റർ ഓഫിസിൽ അന്വേഷണം നടത്തിയപ്പോൾ ഗഹാൻ തിരുത്തി ഓരോ ഗഹാനിലും 25ലക്ഷം രൂപയാണ് ലോൺ എടുത്തിരിക്കുന്നത് എന്ന് കണ്ടെത്തി.
സംഭവത്തിൽ പരവൂർ പൊലീസിൽ മാർച്ച് അഞ്ചിന് പരാതി നൽകിയിട്ടും നാളിതുവരെ അന്വേഷണം ഉണ്ടായിട്ടില്ല. വില്ല പ്രൊജക്റ്റിനെന്ന പേരിൽ പരാതിക്കാരന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാങ്ങുന്നത്തിന് ഇവരെ സമീപിക്കുകയും തുടർന്ന് സമർഥമായി വഞ്ചിക്കുകയുമായിരുന്നു. തിരിമറിക്ക് കൂട്ടുനിന്ന ബാങ്ക് ജീവനക്കാരനും സിപിഎം പ്രവർത്തകനുമായ കുട്ടൻ സുരേഷ് ജീവനൊടുക്കിയിരുന്നു. ബാങ്കിലെ ക്രമകേടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാണ് പരാതികാരന്റെ ആവശ്യം.