ഗുണ്ടാ സംഘങ്ങളുമായുള്ള സി.പി.എം ബന്ധം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
|ആകാശ് തില്ലങ്കേരിയുടെ ആരോപണവും നിയമസഭയിൽ ഉന്നയിക്കും
തിരുവനന്തപുരം: കണ്ണൂരിലെ ഗുണ്ടാ സംഘങ്ങളുമായുള്ള സി.പി.എം നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ആകും പ്രതിപക്ഷം സർക്കാരിനെതിരെ ഇന്ന് ആയുധമാക്കുക.
ടി.സിദ്ദീഖ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂർ ഷുഹൈബിന്റെ കൊലപാതകം പാർട്ടിനേതാക്കൾ പറഞ്ഞിട്ടാണ് നടത്തിയത് എന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് തയ്യാറാകാത്ത സർക്കാർ നടപടി സഭ നിർത്തി വെച്ചു ചർച്ച ചെയ്യണം എന്നാണ് അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണ അനുമതി നിഷേധിച്ചിരുന്നു.