വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല; റെയില്‍വെ സ്റ്റേഷനുകളിലേക്ക് സി.പി.എം മാര്‍ച്ച്
|മലപ്പുറം ജില്ലയോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയുടെ ഭാഗമാണ് തിരൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കിയ നടപടി
മലപ്പുറം: വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിന് തിരൂരിൽ സ്‌റ്റോപ്പ് ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. മലപ്പുറം ജില്ലയോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയുടെ ഭാഗമാണ് തിരൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കിയ നടപടി. മലപ്പുറത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ് റെയിൽവെയുടെ ഈ തീരുമാനം.തീരുമാനത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് റെയിൽവെ സ്‌റ്റേഷനുകളിലേക്ക് ജനകീയ മാർച്ച് നടത്തും. തിരൂർ, താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം സ്‌റ്റേഷനുകളിലേക്കാണ് മാർച്ച്.
കരട് പട്ടിക വന്നപ്പോൾ തിരൂരിൽ സ്‌റ്റോപ്പുണ്ടായിരുന്നു. സ്‌റ്റോപ്പ് ഒഴിവാക്കിയതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. വന്ദേഭാരത് ട്രയൽ റൺ തിരൂരിൽ എത്തിയപ്പോൾ പുഷ്‌പവൃഷ്‌ടി നടത്തിയും മധുരപലഹാരം വിതരണം ചെയ്‌തും വലിയ ആഘോഷം നടത്തിയ ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന് സ്‌റ്റോപ്പ് ഒഴിവാക്കിയതിനെപ്പറ്റി എന്താണെന്ന് പറയാനുള്ളതെന്ന് അറിയാൻ സമൂഹത്തിന് താൽപര്യമുണ്ട്.
തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കാൻ ജില്ലയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ശക്തമായി ഇടപെടണം. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു.