അൻവർ ഉയർത്തുന്ന ജില്ലാവിഭജനം മതരാഷ്ട്ര കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങളുടേത്; പ്രതിപക്ഷം നിയമസഭയ്ക്ക് തീരാകളങ്കമുണ്ടാക്കി-സിപിഎം
|'കോൺഗ്രസ്-ലീഗ്-എസ്ഡിപിഐ-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണ് ഇപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്'
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനാധിപത്യരീതികളെ തകർക്കുന്ന പ്രവർത്തനമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിച്ചു. പി.വി അൻവർ ഉയത്തുന്ന ജില്ലാ വിഭജനം മതരാഷ്ട്ര കാഴ്ചപ്പാടുകളുള്ള പ്രസ്ഥാനങ്ങളുടേതാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
മലപ്പുറത്തെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയാറായിട്ടും അതിനു കൂട്ടാക്കാതെ കീഴ്‌വഴക്കങ്ങളെ പ്രതിപക്ഷം കാറ്റിൽ പറത്തി. പ്രതിപക്ഷം കേരള നിയമസഭയ്ക്ക് തീരാകളങ്കം ഉണ്ടാക്കിയെന്നും സിപിഎം വിമർശിച്ചു.
മലപ്പുറത്തിന്റെ വികസനത്തിന് മാത്രമല്ല സംഘ്പരിവാറിന്റെ മതരാഷ്ട്രവാദങ്ങളെ പ്രതിരോധിക്കുന്നതിനും സിപിഎം മുൻപന്തിയിലുണ്ടായിരുന്നു. ഇതിന്റെ ഫലമായി 218 പാർട്ടി പ്രവർത്തകരാണ് സംസ്ഥാനത്ത് രക്തസാക്ഷിത്വം വരിച്ചത്. 1921ലെ കാർഷിക കലാപകാരികളെ അക്രമികളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന നിലപാടാണ് പൊതുവിൽ കോൺഗ്രസ് സ്വീകരിച്ചത്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ല രൂപീകരണം നടന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ സംഘ്പരിവാറിനൊപ്പം കോൺഗ്രസും ഉണ്ടായിരുന്നു. ആർഎസ്എസ് ശാഖ സംരക്ഷിക്കുന്ന കെപിസിസി പ്രസിഡന്റും, ആർഎസ്എസ് സ്ഥാപകന്റെ ശതാബ്ദി ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവും ഈ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും പ്രസ്താവനയിൽ വിമർശിച്ചു.
കോൺഗ്രസ്-ലീഗ്-എസ്ഡിപിഐ-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണ് ഇപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കുകയെന്ന സംഘ്പരിവാർ അജണ്ടക്കൊപ്പം ഇവരും അണിചേർന്നിരിക്കുകയാണ്. പി.വി അൻവറിനെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇതിന്റെ ഭാഗമായാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും അവരുടെ യോഗങ്ങളിൽ എത്താതായതോടെ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെ അത്തരം ഗണത്തിൽപ്പെടുത്താനാണ് വലതുപക്ഷ മാധ്യമങ്ങളോട് ചേർന്ന് ഇവർ പരിശ്രമിക്കുന്നത്. അൻവർ മുന്നോട്ടുവയ്ക്കുന്ന ജില്ലാ വിഭജനമുൾപ്പെടേയുള്ള മുദ്രാവാക്യങ്ങൾ മതരാഷ്ട്ര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം
നിയമസഭാ പ്രവർത്തനത്തിൽ നിലനിൽക്കുന്ന എല്ലാ ജനാധിപത്യപരമായ രീതികളെയും തകർക്കുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മലപ്പുറത്തെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ഇതിന്റെ പേര് പറഞ്ഞ് എല്ലാ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് സഭാനടപടികൾ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത്തരമൊരു നടപടി സഭാചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ലാത്തതാണ്. കേരള നിയമസഭയ്ക്ക് തീരാകളങ്കമാണ് ഇതുണ്ടാക്കിയത്.
കേരളത്തിലെ 14 ജില്ലകളും മലയാളിയെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രധാന്യമുള്ളതാണ്. ഓരോ പ്രദേശത്തിന്റെയും പിന്നാക്കാവസ്ഥയും ഭരണപരമായ സൗകര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ജില്ലാ രൂപീകരണമുൾപ്പെടെയുള്ളവ തീരുമാനിക്കുന്നത്. 1921ലെ മലബാർ കാർഷിക കലാപത്തെ തുടർന്ന് മുസ്‌ലിംകളുൾപ്പെടെയുള്ള പാവപ്പെട്ട കർഷകരും തൊഴിലാളികളുമെല്ലാം വിവിധങ്ങളായ പീഡനങ്ങൾ ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്നു. ഇത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകളാണ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ നടത്തിയത്.
കാർഷിക മേഖലയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടപെടുന്നതിന്റെ ഭാഗമായി ഭൂപരിഷ്‌ക്കരണ നിയമം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ പാസ്സാക്കി. സർക്കാർ മേഖലയിൽ വെരിഫിക്കേഷനുൾപ്പെടെ ഉപയോഗപ്പെടുത്തി തൊഴിലുകളിൽനിന്നു മാറ്റിനിർത്തിയ മുസ്‌ലിം ജനവിഭാഗങ്ങൾക്ക് സംവരണവും ഏർപ്പെടുത്തി. ആരാധനാലയങ്ങൾ നിർിമിക്കുന്നതിനും, പൊലീസ് സേനയിലേക്കുള്ള പ്രവേശനത്തിലും ഉണ്ടായിരുന്ന വിലക്കുകളും 1957-ലെ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സർക്കാർ എടുത്തുമാറ്റി.
കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമിട്ട ഈ സർക്കാരിനെ അട്ടിമറിക്കാനുള്ള സമരത്തിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുണ്ടായിരുന്നു. 1967ൽ പിന്നീട് അധികാരത്തിൽ വന്ന പാർട്ടി നേതൃത്വത്തിലുള്ള സർക്കാരാണ് ഈ മേഖലയിൽ പ്രത്യേക ജില്ലയും, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് യൂനിവേഴ്സിറ്റിയും സ്ഥാപിച്ചത്. ഈ ഘട്ടത്തിൽ കുട്ടിപാകിസ്താൻ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ് ജില്ലാ രൂപീകരണത്തെ സംഘ്പരിവാർ ശക്തമായി എതിർത്തു. അവർക്കൊപ്പം കോൺഗ്രസും ചേർന്നു. ജില്ലാ രൂപീകരണത്തെ എതിർത്തവരോട് മറ്റ് ജില്ലകളെപ്പോലെ തന്നെ ഇത് എല്ലാ വിഭാഗങ്ങളുടേതുമാണെന്ന് മനസിലാക്കണമെന്നും ഇഎംഎസ് ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
മലപ്പുറത്തെ ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് പൊതുവിദ്യാലയങ്ങളും പൊതുആരോഗ്യ സ്ഥാപനങ്ങളും ഇഎംഎസ് സർക്കാരുകൾ ആരംഭിച്ചു. ജനകീയാസൂത്രണം പോലുള്ള പ്രവർത്തനങ്ങളാവട്ടെ മലപ്പുറത്ത് വികസനത്തിന്റെ പുതിയ വെളിച്ചം നൽകി. അത്തരം ഇടപെടലുകൾ ഇപ്പോഴും എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ സമരം നടത്തിയതിന്റെ പേരിൽ നീതി നിഷേധിക്കപ്പെട്ട മലപ്പുറത്തെ സാധാരണ ജനതയ്ക്ക് അവ ഉറപ്പുവരുത്താനാണ് കമ്യൂണിസ്റ്റ് പാർടി ഇടപെട്ടത്.
മലപ്പുറത്തിന്റെ വികസനത്തിന് മാത്രമല്ല സംഘ്പരിവാറിന്റെ മതരാഷ്ട്രവാദങ്ങളെ പ്രതിരോധിക്കുന്നതിനും പാർട്ടി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി 218 പാർട്ടി പ്രവർത്തകരാണ് സംസ്ഥാനത്ത് രക്തസാക്ഷിത്വം വരിച്ചത്. 1921ലെ കാർഷിക കലാപകാരികളെ അക്രമികളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന നിലപാടാണ് പൊതുവിൽ കോൺഗ്രസ് സ്വീകരിച്ചത്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ല രൂപീകരണം നടന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ സംഘ്പരിവാറിനൊപ്പം കോൺഗ്രസും ഉണ്ടായിരുന്നു. ആർഎസ്എസ് ശാഖ സംരക്ഷിക്കുന്ന കെപിസിസി പ്രസിഡന്റും, ആർഎസ്എസ് സ്ഥാപകന്റെ ശതാബ്ദി ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവും ഈ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്ന് കാണണം.
ആർഎസ്എസ് വിരുദ്ധത വാക്കുകളിൽ പോലും പ്രകടിപ്പിക്കാത്തവരാണ് യുഡിഎഫ്. അതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാതെ അവർക്ക് ഒത്താശ ചെയ്തു. കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് രാഷ്ട്രീയ താൽപര്യത്തോടെ കടന്നുവന്നപ്പോൾ യുഡിഎഫ് അവർക്ക് ഓശാന പാടി. അതിനാൽ മലപ്പുറത്തെ കേന്ദ്രീകരിച്ച് നടത്തുന്ന ഏതൊരു ചർച്ചയും തങ്ങളുടെ മുഖംമൂടി അഴിക്കുന്നതിനാണ് ഇടയാക്കുക എന്ന് യുഡിഎഫിനറിയാം. അതുകൊണ്ട് ചർച്ചകൾ ഒഴിവാക്കുകയും, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ പിടിപ്പുകേട് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നയമസഭ ബഹിഷ്‌ക്കരണത്തിലൂടെ ഉണ്ടായിട്ടുള്ളത്.
കോൺഗ്രസ്-ലീഗ്-എസ്ഡിപിഐ-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണ് ഇപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കുകയെന്ന സംഘ്പരിവാർ അജണ്ടക്കൊപ്പം ഇവരും അണിചേർന്നിരിക്കുകയാണ്. പി.വി അൻവറിനെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇതിന്റെ ഭാഗമായാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും അവരുടെ യോഗങ്ങളിൽ എത്താതായതോടെ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകരെ അത്തരം ഗണത്തിൽപ്പെടുത്താനാണ് വലതുപക്ഷ മാധ്യമങ്ങളോട് ചേർന്ന് ഇവർ പരിശ്രമിക്കുന്നത്. അൻവർ മുന്നോട്ടുവയ്ക്കുന്ന ജില്ലാ വിഭജനമുൾപ്പെടേയുള്ള മുദ്രാവാക്യങ്ങൾ മതരാഷ്ട്ര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണം. സാമൂഹ്യ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള മതരാഷ്ട്രവാദികളുടെയും, വലതുപക്ഷ രാഷ്ട്രീയത്തിന്റെയും, ഒരു കൂട്ടം മാധ്യമങ്ങളുടെയും ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Summary: CPM Kerala secretariate on the Opposition protest in the Kerala assembly and PV Anvar allegations