ഒമിക്രോൺ നിയന്ത്രണങ്ങൾ നിലനിൽക്കെ മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം
|പിണറായി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാർഥികളും വീട്ടമ്മമാരും എത്തി.
സംസ്ഥാനത്ത് ഒമിക്രോൺ-കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ 502 പേരെ അണിനിരത്തിയുള്ള മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശാല ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്. ചെറുവാരക്കോണം സി എസ് ഐ സ്കൂൾ ഗ്രൗണ്ടിലായിരുന്നു മെഗാ തിരുവാതിര.
വെള്ളിയാഴ്ച്ചയാണ് തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. പിണറായി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനത്തിനൊപ്പം നൃത്ത ചുവടുകളുമായി വിദ്യാർഥികളും വീട്ടമ്മമാരും എത്തി. പൂവരണി കെ വി പി നമ്പൂതിരിയാണ് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുള്ള ഗാനം എഴിതിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആർ സലൂജ തിരുവാതിര കളിക്ക് നേതൃത്വം നൽകി. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കം നൂറോളം പേർ തിരുവാതിര കാണാൻ എത്തിയിരുന്നു.