Kerala
Action against PK Sasi
Kerala

പി.കെ ശശിക്കെതിരെ നടപടി; ഒപ്പം തരംതാഴ്ത്തപ്പെട്ട നേരിട്ട നേതാക്കളെ തിരിച്ചെടുത്ത് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്

Web Desk
|
20 Aug 2024 1:41 AM GMT

സാമ്പത്തിക തിരിമറിയും നിയമന ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് പി.കെ ശശിയെ പാർട്ടിയുടെ മുഴുവന്‍ കമ്മറ്റികളിൽനിന്നും നീക്കിയത്

പാലക്കാട്: പി.കെ ശശിക്കെതിരെ നടപടിയെടുത്ത അതേ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ, മുന്‍പ് നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്തതായി റിപ്പോര്‍ട്ട്. വിഭാഗീയതയുടെ പേരിൽ പി.കെ ശശിക്കൊപ്പം തരംതാഴ്ത്തപ്പെട്ട നേതാക്കളെല്ലാം പഴയ കമ്മിറ്റികളില്‍ തിരികെയെത്തിയിരിക്കുകയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയുമായ പി.എം ആർഷോയെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക തിരിമറിയും നിയമനത്തില്‍ സ്വജനപക്ഷപാതവും കാണിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പി.കെ ശശിയെ പാർട്ടിയുടെ മുഴുവന്‍ കമ്മറ്റികളിൽനിന്നും ഒഴിവാക്കിയത്. വിഭാഗീയത നിലനിൽക്കുകയും ശശിയെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത അതേ കമ്മിറ്റി തന്നെ നേരത്തെ നടപടി നേരിട്ടവര്‍ക്കു പഴയ പദവികൾ നൽകാനും തീരുമാനിച്ചു.

കഴിഞ്ഞ സമ്മേളന കാലയളവിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ വി.കെ ചന്ദ്രനെയും പി.കെ ശശിയെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. വി.കെ ചന്ദ്രനെതിരായ നടപടി അവസാനിപ്പിച്ചു തിരിച്ചെടുക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിൽനിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. പുതിയ പരാതികൾ ഇല്ലായിരുന്നെങ്കിൽ പി.കെ ശശിയെയും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുമായിരുന്നു.

സി.പി.എം സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് പാലക്കാട് ജില്ലയിൽ വലിയ നടപടികളും മാറ്റങ്ങളുമുണ്ടായിരിക്കുന്നത്.

Summary: Action against PK Sasi only; CPM Palakkad district secretariat took back the leaders who faced action earlier

Similar Posts