Kerala
Depositors of Karuvannur Bank can withdraw money from today
Kerala

കരുവന്നൂർ ബാങ്കിൽ വായ്പ നിയന്ത്രിച്ചത് സി.പി.എം പാർലമെന്‍ററി കമ്മിറ്റി; ഉന്നതനേതാക്കളുടെ ഇടപെടലുണ്ടായെന്ന് ഇ.ഡി

Web Desk
|
14 Oct 2023 5:03 AM GMT

ബാങ്ക് മാനേജർ ബിജു എം.കെ, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരാണ് ഇ.ഡിക്ക് മൊഴി നൽകിയത്

കൊച്ചി: കരുവന്നൂർ ബാങ്കിൽ വായ്പ നൽകുന്നത് നിയന്ത്രിച്ചത് സി.പി.എം പാർലമെന്ററി കമ്മിറ്റിയെന്ന് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നതനേതാക്കളുടെ നിർദേശപ്രകാരം പലർക്കും വായ്പ നൽകി. ഇക്കാര്യത്തിൽ ബാങ്ക് മാനേജറുടെയും സെക്രട്ടറിയുടെയും മൊഴിയുണ്ടെന്ന് ഇ.ഡി പറയുന്നു. അതിനിടെ, ഇന്നലെ 35 പേരുടെ അക്കൗണ്ടുകൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 87.75 കോടി രൂപയാണ് ആകെ കണ്ടുകെട്ടിയിട്ടുള്ളത്.

വായ്പകൾ നൽകുന്നത് രേഖപ്പെടുത്താൻ പ്രത്യേക മിനുട്‌സ് സൂക്ഷിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ബാങ്ക് മാനേജർ ബിജു എം.കെ, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ ഇ.ഡിയോട് വെളിപ്പെടുത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഒന്നാം പ്രതി സതീഷ് കുമാറിന്റെയും ഭാര്യ ബിന്ദുവിന്റെയും 46 അക്കൗണ്ടുകൾക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചു. സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ നാല് ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.

സതീഷ് കുമാറിന്റെ അക്കൗണ്ടിൽനിന്ന് കണ്ടുകെട്ടിയത് ഒരു കോടി രൂപയാണ്. മൂന്നാം പ്രതി ജിൽസിന്റെ മൂന്ന് സ്വത്തുവകകൾക്കെതിരെയും നടപടിയുണ്ട്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും നടപടി നേരിട്ടവയിൽ ഉൾപ്പെടും.

പെരിങ്ങണ്ടൂർ ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടിയുടെ ഇടപാട് നടന്നെന്നാണ് ഇ.ഡി പറയുന്നത്. അരവിന്ദാക്ഷന്റെ എസ്.ബി.ഐ അക്കൗണ്ടിലൂടെ 2014- 2018 വരെ 66 ലക്ഷം രൂപയുടെ ഇടപാടും നടന്നു. തട്ടിപ്പിൽ ഉന്നതതല ഗൂഢാലോചന നടന്നെന്നും ഇ.ഡി പറയുന്നു. കേസിൽ ആകെ 35 പേരുടെ സ്വത്താണ് ഇതുവരെ കണ്ടുകെട്ടിയത്. വായ്പ തിരിച്ചടക്കാത്ത നിക്ഷേപകരും ഇതിൽ ഉൾപ്പെടും.

Summary: The Enforcement Directorate said that it was the CPM Parliamentary Committee that controlled the granting of loans in Karuvannur Bank.

Similar Posts