ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍ക്കിടെ സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം ഇന്ന്; വി.കുഞ്ഞികൃഷ്ണൻ പങ്കെടുക്കില്ല
|ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വെള്ളൂർ ലോക്കൽ ജനറൽ ബോഡിയിൽ ഉയർന്ന ഗുരുതരമായ ചില ആരോപണങ്ങളും ഏരിയ കമ്മിറ്റിയിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന
കണ്ണൂർ: വിവാദങ്ങൾക്കിടെ സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗം ഇന്ന് . ബ്രാഞ്ച് യോഗങ്ങൾക്ക് മുന്നോടിയായാണ് കമ്മിറ്റി ചേരുന്നത് . പാർട്ടി ഫണ്ടുകൾ സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കാൻ കഴിയാത്തത് യോഗത്തിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴി വെച്ചേക്കും. വി കുഞ്ഞികൃഷ്ണൻ കമ്മിറ്റിയിൽ പങ്കെടുക്കില്ല.
ബ്രാഞ്ച് യോഗങ്ങൾക്ക് മുന്നോടിയായാണ് ഇന്ന് അടിയന്തര ഏരിയ കമ്മിറ്റി ചേരുന്നത്. ലോക്കൽ ജനറൽ ബോഡികളിൽ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും യോഗത്തിൽ ചർച്ചയാവും.ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വെള്ളൂർ ലോക്കൽ ജനറൽ ബോഡിയിൽ ഉയർന്ന ഗുരുതരമായ ചില ആരോപണങ്ങളും ഏരിയ കമ്മിറ്റിയിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന.
വെള്ളൂരിലെ ഒരു വ്യാപരിയിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാങ്ങിയ ഒരു ലക്ഷം രൂപക്ക് വ്യാജ റസീറ്റ് നൽകി എന്നാണ് ആരോപണം. ഒപ്പം പയ്യന്നൂരിലെ ഒരു പ്രമുഖ നേതാവിന്റെ ബിനാമികളായി പ്രവർത്തിക്കുന്ന സഹോദരങ്ങളെ കുറിച്ചും വിവിധ കമ്മിറ്റികളിൽ ആക്ഷേപം ഉയർന്നിരുന്നു. ഇവർക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂരിൽ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യവും ഇന്നത്തെ കമ്മിറ്റിയിൽ ചർച്ചയായേക്കും.
അതിനിടെ ബ്രാഞ്ച് യോഗങ്ങളിൽ ഫണ്ട് സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ പ്രതിഷേധം പരിധി വിടുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്. ഇന്നത്തെ ഏരിയ കമ്മിറ്റിയിൽ പങ്കെടുക്കില്ലന്നും പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന നിലപാടിൽ മാറ്റമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.