Kerala
സി.പി.എം പിബി യോഗം ഇന്ന് തുടങ്ങും; ഇ.പി ജയരാജന്‍ വിഷയം അജണ്ടയിലില്ല
Kerala

സി.പി.എം പിബി യോഗം ഇന്ന് തുടങ്ങും; ഇ.പി ജയരാജന്‍ വിഷയം അജണ്ടയിലില്ല

Web Desk
|
27 Dec 2022 12:53 AM GMT

ആരോപണത്തിൽ അന്വേഷണം വേണമോയെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്

ന്യൂഡൽഹി: ഇ.പി ജയരാജൻ വിവാദം കത്തി നിൽക്കുന്നതിനിടെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. എ.കെ.ജി ഭവനിൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിന്റെ അജണ്ടയിൽ ജയരാജൻ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ മുതിർന്ന നേതാവിനെതിരെ ഉയർന്ന ആരോപണം ഗൗരവ സ്വഭാവം ഉള്ളതായതുകൊണ്ട് അജണ്ടക്ക് പുറത്ത് വിഷയം ചർച്ച ചെയ്‌തേക്കും.

ഇ.പി ജയരാജനെതിരെ പി.ജയരാജന്റെ സാമ്പത്തിക ആരോപണം പാർട്ടിക്കുള്ളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നതിനിടെയാണ് പോളിറ്റ് ബ്യൂറോയോഗം. പാർട്ടിക്കുള്ളിലെ രണ്ട് മുതിർന്ന നേതാക്കൾ തമ്മില്ലുള്ള അടിസ്ഥാന പ്രശ്നമെന്താണെന്നും സാമ്പത്തിക ആരോപണത്തിന്റെ വിശദാംശങ്ങളും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ പി ബി യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കും.ആരോപണത്തിൽ അന്വേഷണം വേണമോയെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

തെറ്റുതിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്നും തീരുമാനിച്ചിട്ടുള്ളത് കൊണ്ട് ഇ.പിക്കെതിരെ ആരോപണത്തിൽ അന്വേഷണം നടത്തുന്നതിന് കേന്ദ്രം അനുകൂല നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തെങ്കിലും പറയാൻ ഉണ്ടെകിലും മാധ്യമങ്ങളെ അറിയിക്കാമെന്നായിരുന്നു യോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ പ്രതികരണം.

കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തു ക്വട്ടേഷൻ സംഘവുമായുള്ള പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം പ്രവർത്തകർ നൽകിയ പരാതിയും കേന്ദ്രത്തിന്റെ മുന്നിലുണ്ട്.കേരളത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,എം.എ ബേബി,എ. വിജയരാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ആദ്യദിവസം തന്നെ വിഷയം ചർച്ച ചെയ്യാനാണ് സാധ്യത. ജനുവരിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കൂടാതെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ഷാഹി ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളും യോഗംചർച്ച ചെയ്യും.

Similar Posts