'പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് പാർട്ടി നയമല്ല'; എം.വി ജയരാജനെ തള്ളി സി.പി.എം
|ബിന്‍ ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത് പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ
കൊച്ചി: എം.വി ജയരാജന്റെ വംശീയ അധിക്ഷേപം തള്ളി സി.പി.എം. പേരിന്റെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുന്നത് സി.പി.എമ്മിന്റെ നയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ലാദൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത്
പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനെ എം വി ജയരാജൻ ബിൻ ലാദനോട് ഉപമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം . സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍. ഈ സംഭവം ശ്രദ്ധയില്‍പെട്ടില്ലെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ പേരിന്‍റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലേഖകനെയായിരുന്നു സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി അധിക്ഷേപിച്ചത്. കണ്ണൂരില്‍ വെച്ചായിരുന്നു ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ നൗഫല്‍ ബിന്‍ ലാദന്‍ എന്നുവിളിക്കട്ടെ എന്ന് ജയരാജന്‍ ചോദിച്ചത്.വ്യാജ വാർത്താ വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം.വി ജയരാജന്റെ വിവാദ പരാമർശം.
ജയരാജന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാമും രംഗത്തെത്തിയിരുന്നു. ജയരാജന്റേത് പച്ചയായ ഇസ്ലാമോ ഫോബിയയും വംശവെറിയുമാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.