Kerala
മേയറുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധം; ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത ബീന ഫിലിപ്പിനെ തള്ളി സി.പി.എം
Kerala

മേയറുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധം; ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത ബീന ഫിലിപ്പിനെ തള്ളി സി.പി.എം

Web Desk
|
8 Aug 2022 8:36 AM GMT

മേയറുടെ സമീപനം സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതായും മോഹനന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

കോഴിക്കോട്: കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. മേയറുടെ സമീപനം സി.പി.എമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതായും മോഹനന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാര്‍ത്താക്കുറിപ്പ്

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാക്കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.എമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.എം തീരുമാനിച്ചു.


സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടകയായി പങ്കെടുത്തത്. ശ്രീകൃഷ്ണപ്രതിമയില്‍ തുളസി മാല ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മേയര്‍ നടത്തിയ പ്രസംഗവും വിവാദമായി. കേരളത്തിലെ ശിശുപരിപാലാനം മോശമാണ്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്ത് കൊടുക്കുന്നു എന്നതാണ് പ്രധാനം എന്നിങ്ങനെയായിരുന്നു മേയറുടെ ഉദ്ഘാടന പ്രസംഗം.പ്രസംഗം വളച്ചൊടിച്ചതാണെന്നായിരുന്നു മേയറുടെ വിശദീകരണം. മേയറുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സി.പി.എം ചെലവില്‍ ആര്‍.എസ്.എസിന് മേയറെ ലഭിച്ചതായി ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാറിന്‍റെ പ്രതികരണം.



Similar Posts