Kerala
എഡിഎമ്മിന്റെ മരണം:‍ പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി
Kerala

എഡിഎമ്മിന്റെ മരണം:‍ പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

Web Desk
|
17 Oct 2024 5:07 PM GMT

ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഒടുവിൽ പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി. ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ദിവ്യ രാജിക്കത്ത് സമർപ്പിച്ചു.

ദിവ്യക്ക് പകരം കെ.കെ രക്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വൻ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറുകയും ചെയ്തിരുന്നു. പാർട്ടിയിലെ ഒരു വിഭാഗവും പത്തനംതിട്ട ജില്ലാ നേതൃത്വവും അമർഷം പരസ്യമാക്കുകയും ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കണമന്ന് പത്തനംതിട്ട ജില്ലാ സിപിഎം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധം ശക്തമായതോടെയാണ് ഒടുവിൽ സിപിഎം നേതൃത്വം പി.പി ദിവ്യയെ കൈവിട്ടത്.

നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകുകയും ചെയ്തു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ദിവ്യക്കെതിരെ രംഗത്തുവന്നപ്പോഴും നവീൻ കുമാറിനെ തള്ളിപ്പറയാൻ സിപിഎം തയാറായിരുന്നില്ല. പ്രതികരിച്ച നേതാക്കളെല്ലാം അദ്ദേഹത്തെ കുറിച്ച് നല്ല വാക്കുകളാണ് പറഞ്ഞത്. ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല. ഏറെ വേദനയുണ്ടാക്കിയ സംഭവമാണെന്നും ശ്രീമതി പ്രതികരിച്ചിരുന്നു.

സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.പി ദിവ്യ രംഗത്തെത്തി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് നടത്തിയതെന്ന് അവകാശപ്പെട്ട ദിവ്യ, എന്നാൽ തന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവയ്ക്കുന്നതായും വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ രാജിവയ്ക്കുന്നതായും രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചിട്ടുണ്ടെന്നും പി.പി ദിവ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.



Similar Posts