'സിപിഎം-ആർഎസ്എസ് ബന്ധമെന്നത് വ്യാജപ്രചാരണം': മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
|ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ല. കൂടുതൽ പറഞ്ഞാൽ മട്ട് മാറുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം-ആർഎസ്എസ് ബന്ധമെന്നത് വ്യാജപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ല. കൂടുതൽ പറഞ്ഞാൽ മട്ട് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസ് - സിപിഎം ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ എഡിജിപിയെ പരാമർശിക്കുക പോലും ചെയ്തില്ല.
സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍എസ്എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനല്‍കി എന്ന് പരസ്യമായി പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്. തലശ്ശേരി കലാപത്തില്‍ ജീവന് നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ആര്‍എസ്എസ് ശാഖയ്ക്ക് ഞാന്‍ കാവല്‍ നിന്നു എന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാര് എന്നത് മറന്നുപോയോ? വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്ക്കുന്ന ആര്‍എസ്എസ്സുകാരനെ നമുക്ക് മനസിലാക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂര്‍വ്വം അത് മറക്കുന്നതെന്നും പിണറായി ചോദിച്ചു.
'ആര്‍എസ്എസ്സിന്റെ തലതൊട്ടപ്പന് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് ഒരു പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയില്‍ ഗോള്‍വാള്‍ക്കറിന്റെ ചിത്രമുണ്ട്. മുമ്പില്‍ വിളക്കുണ്ട്. അത് കൊളുത്തി ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു. ഞങ്ങള്‍ ആരുടേതെങ്കിലുമാണോ'- പിണറായി കൂട്ടിച്ചേര്‍ത്തു.