Kerala
പി. ജയരാജനെ സി.പി.എം കൈയൊഴിയാൻ കാരണം ആർ.എസ്.എസുമായുള്ള അവിശുദ്ധ ബാന്ധവം; തുറന്നടിച്ച് കെ.എം ഷാജി
Kerala

''പി. ജയരാജനെ സി.പി.എം കൈയൊഴിയാൻ കാരണം ആർ.എസ്.എസുമായുള്ള അവിശുദ്ധ ബാന്ധവം''; തുറന്നടിച്ച് കെ.എം ഷാജി

Web Desk
|
21 Jun 2022 9:32 AM GMT

''ഈമാനുള്ളൊരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജൻ. അതുകൊണ്ട് അയാൾ അഴിമതി നടത്താറില്ല. അദ്ദേഹത്തിന്റെ മക്കൾ കല്ലുവെട്ടുകാരാണ്. അവർ തൊഴിലാളികളാണ്, ബോംബുണ്ടാക്കുന്നവരാണ്. അതുകൊണ്ടുതന്നെ പി. ജയരാജൻ ആർ.എസ്.എസിന്റെ കണ്ണിലെ കരടുമാണ്.''

കണ്ണൂര്‍: ആർ.എസ്.എസ് സി.പി.എമ്മിനെയാണ് കേരളത്തിലെ ഘടകകക്ഷിയാക്കിയിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ആർ.എസ്.എസ് അജണ്ടയാണ് സി.പി.എം നടപ്പാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ നടപ്പാക്കുന്നതും അതുതന്നെയാണ്. പി. ജയരാജനെ സി.പി.എം കൈയൊഴിയാൻ കാരണം ആർ.എസ്.എസുമായുള്ള അവിശുദ്ധ ബാന്ധവമാണെന്നും ഷാജി ആരോപിച്ചു.

കണ്ണൂരിൽ യു.ഡി.എഫ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി. ആർ.എസ്.എസ് ഇന്ത്യയിലെ ഒരു ബൗദ്ധികസേനയാണ്. കേരളത്തിലെ ബി.ജെ.പിയെ ആർ.എസ്.എസ് പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ രാഷ്ട്രീയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1925ൽ ഇന്ത്യയിൽ രൂപീകൃതമായ ആർ.എസ്.എസ് അന്നും കേരളത്തിലുണ്ട്. എന്നാൽ, കേരളത്തിൽ അവർക്ക് ക്ലച്ച് പിടിക്കാൻ കഴിയാതെപോയത് ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ പിടിപ്പുകേട് കാരണമാണെന്ന തിരിച്ചറിവാണ് ആർ.എസ്.എസിനുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായി മാത്രമേ ആർ.എസ്.എസ് എടുത്തിട്ടുള്ളൂ.. ആർ.എസ്.എസ് ബി.ജെ.പിയെ കൈവെടിയുകയും അവരുടെ ആശയം നടപ്പാക്കാൻ അവർക്ക് ഏറ്റവും നല്ലത് സി.പി.എമ്മാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നും ഷാജി ആരോപിച്ചു.

മതന്യൂനപക്ഷങ്ങൾക്കെതിരായാലും രാഷ്ട്രതാൽപര്യങ്ങൾക്ക് എതിരായാലും ഗാന്ധി ആശയങ്ങളുടെ കാര്യത്തിലായാലും തങ്ങളുടെ അജണ്ടകൾ വളരെ കൃത്യമായി നടപ്പാക്കുന്ന സി.പി.എമ്മിനെയാണ് ആർ.എസ്.എസ് തങ്ങളുടെ ഘടകകക്ഷിയായി കേരളത്തിൽ കണക്കാക്കുന്നത്. ലാവ്‌ലിൻ മുതൽ നിരവധി കേസുകളിലൂടെ അവരെ വരിഞ്ഞുമുറുക്കി ആർ.എസ്.എസ് അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അത് തിരിച്ചറിയേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളാണ്. രാജ്യം നിലനിൽക്കുക എന്ന അടിസ്ഥാനപരമായ മൗലികതയുടെ കൂടെനിൽക്കാൻ അവർക്ക് താൽപര്യമുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ അവർ കൈയൊഴിയേണ്ടത് സി.പി.എമ്മിനെയാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയത്തെയാണ്-അദ്ദേഹം പറഞ്ഞു.

സി.പി.എമ്മാണ് കേരളത്തിൽ ആർ.എസ്.എസിന്റെ ഘടകകക്ഷിയെന്ന് കെ.എം ഷാജി

''ആർ.എസ്.എസ് സി.പി.എമ്മിനെയാണ് കേരളത്തിലെ ഘടകകക്ഷിയാക്കിയിരിക്കുന്നത്. ആർ.എസ്.എസ് അജണ്ടയാണ് സി.പി.എം നടപ്പാക്കുന്നത്. പി ജയരാജനെ സി.പി.എം കൈയ്യൊഴിയുന്നതിന് കാരണം ആർ.എസ്.എസ് ബാന്ധവം'' സി.പി.എമ്മിനെതിരെ തുറന്നടിച്ച് കെ.എം ഷാജി

Posted by MediaoneTV on Monday, June 20, 2022

''കണ്ണൂരിലെ സി.പി.എമ്മിന്റെ മുഖവും കരുത്തും ശക്തിയുമായ പി. ജയരാജനെ പിണറായി വിജയന്റെ പാർട്ടി കൈയൊഴിഞ്ഞത് എന്തിനാണ്? പി. ജയരാജനൊരു നല്ല കമ്മ്യൂണിസ്റ്റാണ്. അദ്ദേഹത്തോട് ഞങ്ങൾക്ക് ഒരുപാട് വിരോധമുണ്ട്. ഷുക്കൂറിന്റെ കൊലപാതകത്തിൽ ജയരാജനെ പ്രതിചേർക്കാൻ സി.ബി.ഐയ്ക്ക് മുൻപിൽ ഇപ്പോഴും കേസ് നടത്തുകയാണ്. അതൊക്കെ അദ്ദേഹം ചെയ്യും. അദ്ദേഹമൊരു നല്ല കമ്മ്യൂണിസ്റ്റാണ്. ഈമാനുള്ളൊരു കമ്മ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ട് അയാൾ അഴിമതി നടത്താറില്ല. അദ്ദേഹത്തിന്റെ മക്കൾ കല്ലുവെട്ടുകാരാണ്. അവർ തൊഴിലാളികളാണ്, ബോംബുണ്ടാക്കുന്നവരാണ്. നല്ല സി.പി.എമ്മാണ്. അതുകൊണ്ടുതന്നെ പി. ജയരാജൻ ആർ.എസ്.എസിന്റെ കണ്ണിലെ കരടുമാണ്.''

എന്നാൽ, പി. ജയരാജനെ എന്തുകൊണ്ട് സി.പി.എം കൈവെടിയുന്നു എന്ന ചോദ്യത്തിനുത്തരം ആർ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ഈ അജണ്ടയാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഷാജി ആരോപിച്ചു.

Summary: ''CPM ignores P. Jayarajan because of their nexus with RSS '', alleges Muslim League state secretary KM Shaji

Similar Posts