91ൽ സിപിഎം ബിജെപി പിന്തുണ തേടിയെന്ന് സ്ഥിരീകരിച്ച് കൗൺസിലറായിരുന്ന എൻ. ശിവരാജൻ
|കോൺഗ്രസിനെ തകർക്കുകയാണ് അന്നും ഇന്നും ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ പിന്തുണച്ചതെന്നും കൗൺസിലറായിരുന്ന ശിവരാജൻ പറഞ്ഞു.
പാലക്കാട്: 1991ൽ സിപിഎം പാലക്കാട് നഗരസഭ ഭരിച്ചത് ബിജെപി പിന്തുണയോടെയെന്ന് കൗൺസിലറായിരുന്ന ബിജെപി നേതാവ് എൻ. ശിവരാജൻ. ഗോപാലകൃഷ്ണൻ ചെയർമാനായത് ബിജെപി പിന്തുണയോടെയാണ്. കോൺഗ്രസിനെ തകർക്കുകയാണ് അന്നും ഇന്നും ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ പിന്തുണച്ചതെന്നും ശിവരാജൻ പറഞ്ഞു.
രഹസ്യമായി ബിജെപി പിന്തുണ ചോദിക്കുന്ന പതിവ് 91 മുതൽ ഉണ്ടായിരുന്നുവെന്ന് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. ബിജെപിയെ വിമർശിച്ചപ്പോൾ അവരുടെ മുഖം തുറന്നുകാട്ടാനാണ് കത്ത് പുറത്തുവിട്ടത്. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് ബിജെപിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിട്ടുണ്ട്. ബിജെപി പിന്തുണ ചർച്ച ആക്കുന്നവർ ഇതും ചർച്ച ചെയ്യണം. ബിജെപി ഇത് പ്രചാരണ ആയുധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി നേതാവായ സന്ദീപ് വാര്യരാണ് കഴിഞ്ഞ ദിവസം പിന്തുണ തേടിയുള്ള കത്ത് പുറത്തുവിട്ടത്. നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുണ്ടെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നൽകിയ കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്.