വ്യാജ സർട്ടിഫിക്കറ്റ് വിവാദം: ആർഷോയോടും ബാബുജാനോടും വിശദീകരണം തേടി സിപിഎം
|രണ്ടുപേരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചന.
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പി.എം ആർഷോയോടും കെ.എച്ച് ബാബുജാനോടും സി.പി.എം വിശദീകരണം തേടി. ഇരുവരും എ.കെ. ജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. രണ്ടുപേരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചന.
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനുവേണ്ടി ഇടപെട്ടെന്ന ആരോപണത്തില്‍ സ്വയം പ്രതിരോധിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാന് രംഗത്ത് എത്തിയിരുന്നു. നിഖിലിന് വേണ്ടി കോളജ് മാനേജറോട് സംസാരിച്ചിട്ടില്ലെന്നാണ് കെ എച്ച് ബാബുജാന് പറയുന്നത്. നേതാക്കളാരും അറിയാത്ത പ്രവര്‍ത്തിയാണ് നിഖില്‍ ചെയ്തിരിക്കുന്നതെന്നും വസ്തുനിഷ്ഠമായി തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉടന്‍ മറുപടി പറയുമെന്നും ബാബുജാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയെ പാലക്കാടെത്തിച്ചു. അഗളി ഡി.വൈ.എസ്.പി ഓഫീസിലാണ് എത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.എന്നാല്‍ വ്യാജരേഖ നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ. കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതെന്നും വിദ്യ മൊഴി നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് സൂചന.