''സിപിഎം മതവിദ്വേഷത്തിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വോട്ടിനു വേണ്ടി മതതാല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നു''- വിമര്‍ശനവുമായി ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
|''ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് മുസ്‍ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായുള്ളതായിരുന്നു. സാമൂഹികതിന്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന് ഏതെങ്കിലും മതത്തിന്റെ നിറംകൊടുക്കരുത്''
ക്രൈസ്തവ-മുസ്‍ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്ന വിഭാഗീയതയുമായി ബന്ധപ്പെട്ട് സിപിഎമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സംസ്ഥാനത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്ന സ്പര്‍ധയും വര്‍ഗീയവിദ്വേഷവും തടയാന്‍ ശക്തമായ നിലപാടെടുക്കുന്നതിനു പകരം സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അല്‍പം ഭേദപ്പെട്ട ഇടപെടല്‍ നടത്തിയത് പ്രതിപക്ഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'കേരള ശബ്ദം' വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇടത് അനുഭാവികൂടിയായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ''പ്രസംഗങ്ങളില്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ശക്തമായി പറയുകയും പ്രവൃത്തിയില്‍ ഇതിനു വിരുദ്ധമായ നിലപാടുകളുമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മതങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുമായി വോട്ടുമാത്രം ലക്ഷ്യമാക്കി സിപിഎം പോലുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലര്‍ത്തേണ്ട ഇടതുപാര്‍ട്ടികള്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുന്നു എന്നതില്‍ ഗൗരവത്തോടെയുള്ള ഒരു സ്വയം വിമര്‍ശനം ഉണ്ടാകേണ്ടതാണ്. വ്യക്തിപൂജയും ഏകാധിപത്യവും ഇടതുപാര്‍ട്ടികളെ ഗ്രസിക്കാന്‍ പാടില്ല. വിമര്‍ശനത്തിനുള്ള ജനാധിപത്യ അവസരങ്ങള്‍ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതാകരുത്''-അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാലാ ബിഷപ്പിന്‍രെ വിദ്വേഷപ്രസംഗത്തെയും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തള്ളുന്നുണ്ട്. സാമൂഹികതിന്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന് ഏതെങ്കിലും മതത്തിന്റെ നിറംകൊടുക്കാനോ, അതുവഴി ഏതെങ്കിലും മതത്തെ നിഴലില്‍നിര്‍ത്താനും ഇടയാക്കിയാല്‍ അത് മതവികാരം വ്രണപ്പെടുത്താനും വര്‍ഗീയത ഇളക്കിവിടാനുമേ ഉപകരിക്കൂ. ലഹരി ഉള്‍പ്പെടെ എല്ലാ തിന്മകളിലും എല്ലാ മതക്കാരും മതമില്ലാത്തവും ഉള്‍പ്പെടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫാ. ജെയിംസ് പനവേലിലിന് പിന്തുണ അറിയിച്ച അദ്ദേഹം വ്യവസ്ഥാപിത സഭകള്‍ എന്നും അധികാരത്തോടൊപ്പം നിന്ന ചരിത്രമേയുള്ളൂവെന്നും സൂചിപ്പിക്കുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ തര്‍ക്കം അല്‍പംകൂടി രമ്യമായി കൈകാര്യം ചെയ്യാമായിരുന്നു. മുസ്‌ലിംകള്‍ക്കു മാത്രമായുള്ള സ്‌കോളര്‍ഷിപ്പായിരുന്നു അതെന്നും ഡോ. ഗീവര്‍ഗീസ് അഭിപ്രായപ്പെട്ടു.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
പ്രസംഗങ്ങളില്‍ മതനിരപേക്ഷതയും പ്രവൃത്തിയില്‍ വിരുദ്ധ നിലപാടും
വര്‍ഗീയ വിഭജനം പോലുള്ള ഒരു പ്രശ്‌നത്തില്‍ ഉറച്ച മതനിരപേക്ഷ നിലപാട് എടുക്കേണ്ട സമയത്ത് സിപിഎം പോലുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്ന ശക്തിയില്‍ പ്രതികരിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. അവരുടേതായി വരുന്ന പ്രതികരണങ്ങളും സമീപനങ്ങളും വളരെ സൂക്ഷിച്ചുള്ളതാണ്. ശക്തമായ ഒരു നിലപാടൊന്നും എടുക്കുന്നില്ല. അതിനകത്ത് ഒരു രാഷ്ട്രീയ മുതലെടുപ്പുണ്ട്. തങ്ങള്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിക്കോട്ടെ എന്ന സമീപനം. മുന്‍പൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ആര്‍ജവത്തോടെ നിലപാടുകള്‍ എടുത്തിരുന്നു. ഇപ്പോള്‍ അതിന്റെ തീക്ഷ്ണത കുറഞ്ഞിരിക്കുന്നു. ഇത് ആരോഗ്യകരമല്ല. കോണ്‍ഗ്രസ് കൂടി ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ അതിന് ഒരുപാട് ഇംപ്ലിക്കേഷന്‍സുണ്ട്.
പ്രസംഗങ്ങളില്‍ മതനിരപേക്ഷതയ്ക്കു വേണ്ടി ശക്തമായി പറയുകയും പ്രവൃത്തിയില്‍ ഇതിനു വിരുദ്ധമായ നിലപാടുകളുമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മതങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുമായി വോട്ടുമാത്രം ലക്ഷ്യമാക്കി സിപിഎം പോലുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലര്‍ത്തേണ്ട ഇടതുപാര്‍ട്ടികള്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുന്നു എന്നതില്‍ ഗൗരവത്തോടെയുള്ള ഒരു സ്വയം വിമര്‍ശനം ഉണ്ടാകേണ്ടതാണ്. സങ്കുചിത മതതാല്‍പര്യങ്ങളെ മതേതര പ്രസ്ഥാനങ്ങള്‍ തുണച്ചാല്‍ ഈ നാടതിന് വലിയ വിലകൊടുക്കേണ്ടിവരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് കമ്മ്യൂണിസം നഷ്ടപ്പെടുന്നത് കടലിന് അതിന്‍രെ ഉപ്പുരസം നഷ്ടപ്പെടുന്നതുപോലെയാണെന്നു പറയാറുണ്ട്. കേരളത്തില്‍ ഇടതിന്റെ വലതുവല്‍ക്കരണം പല നയങ്ങളിലും പ്രകടമാണ്. മുതലാളിത്തത്തോട് സന്ധി ചെയ്യുന്ന സമീപനം ഗുണകരമല്ല. വ്യക്തിപൂജയും ഏകാധിപത്യവും ഇടതുപാര്‍ട്ടികളെ ഗ്രസിക്കാന്‍ പാടില്ല. വിമര്‍ശനത്തിനുള്ള ജനാധിപത്യ അവസരങ്ങള്‍ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതാകരുത്. അത്തരം അവസരങ്ങള്‍ ഇല്ലാതായ ഇടത്തെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിനെയും ബിജെപിയെയും പോലും നാണിപ്പിക്കുംവിധം അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് പണം കടംവാങ്ങി പരിസ്ഥിതി പരിഗണിക്കാതെയുള്ള വികസനപദ്ധതികള്‍ നടപ്പാക്കുന്നത് ഇടതുപക്ഷ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് മുന്നോട്ടുപോകാന്‍ പറ്റുന്ന ഒന്നാമോ എന്ന് എനിക്ക് സംശയമുണ്ട്.
കേരളത്തില്‍ ഇടതുപക്ഷം ഇന്ന് കൂടുതല്‍ ടാര്‍ജറ്റ് ചെയ്യുന്നത് കോണ്‍ഗ്രസിനെയാണെന്നു തോന്നുന്നു. മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത് കോണ്‍ഗ്രസ്മുക്ത കേരളമല്ല ഇടതുപക്ഷം ലക്ഷ്യമിടേണ്ടത്. മറിച്ച് വര്‍ഗീയമുക്ത കേരളമാണ്.
മതധ്രുവീകരണം തടയാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ല; ആര്‍ജവം കാണിച്ചത് പ്രതിപക്ഷം
കേരളത്തില്‍ വര്‍ഗീയ വിദ്വേഷവും മതധ്രുവീകരണവും ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ അല്‍പംകൂടി ജാഗ്രതയും മധ്യസ്ഥശ്രമങ്ങളില്‍ കുറേക്കൂടി ആര്‍ജവവും കാണിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതൃത്വവും അല്‍പംകൂടി നേതൃപാടവവും ആര്‍ജവവും കാണിച്ചു എന്നു പറയാം. സര്‍വകക്ഷി സര്‍വമത നേതാക്കളുടെ ഒരു അനുരഞ്ജന സമ്മേളനം വളരെ മുന്‍പേ സര്‍ക്കാര്‍ വിളിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും സമുദായ സൗഹാര്‍ദം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അല്ലെങ്കില്‍ വാദങ്ങളും പ്രതിവാദങ്ങളുമായി സാഹചര്യം കൂടുതല്‍ കലുഷിതമാകുകയും വര്‍ഗീയശക്തികള്‍ മുതലെടുപ്പ് തുടരുകയും ചെയ്യും.
ബിഷപ്പിന് തിരുത്ത്
സാമൂഹികതിന്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന് ഏതെങ്കിലും മതത്തിന്റെ നിറംകൊടുക്കാനോ, അതുവഴി ഏതെങ്കിലും മതത്തെ നിഴലില്‍നിര്‍ത്താനും ഇടയാക്കിയാല്‍ അത് മതവികാരം വ്രണപ്പെടുത്താനും വര്‍ഗീയത ഇളക്കിവിടാനുമേ ഉപകരിക്കൂ. കുറവിലങ്ങാട് പ്രസംഗത്തിനുശേഷം ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് എഴുതിയ ഒരു ലേഖനത്തില്‍ 'നാര്‍കോട്ടിക് ടെററിസം' എന്ന് വാക്കാണ് ഉപയോഗിച്ചത്. അതു ശരിയുമാണ്. ഞാന്‍ അതിനോട് പൂര്‍ണമായി യോജിക്കുന്നു. കാരണം, ലഹരിയുമായി ബന്ധപ്പെട്ട ഭീകരവാദങ്ങളും ഭീകരപ്രസ്ഥാനങ്ങളും ലോകത്തില്‍ പലയിടങ്ങളിലും നിലവിലുണ്ട്. എന്നാല്‍, ഇതുമായി ബന്ധിച്ച് 'ജിഹാദ്' എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ അത് ഒരു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ധ്വനിയുണ്ടാക്കുന്നു. നമുക്കറിയാവുന്നതുപോലെ 'ജിഹാദ്' എന്ന അറബിവാക്ക് ഇസ്‌ലാംമതവുമായി അഭേദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. തിന്മയ്‌ക്കെതിരെയുള്ള പോരാട്ടം, ശുദ്ധീകരണം എന്നൊക്കെ നല്ല വിവക്ഷകളുള്ള ഒരു വാക്കിനെ ലഹരി പോേെല ഒരു തിന്മയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തും.
നാര്‍കോട്ടിക് മാഫിയ എന്നോ നാര്‍കോട്ടിക് ടെററിസം എന്നോ പറയാം. ജിഹാദ് എന്ന വാക്ക് ലഹരിയും പ്രണയവും മറ്റുമായി ബന്ധിപ്പിക്കുമ്പോള്‍ ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു പദാവലിയെ ഡീമോറലൈസ് ചെയ്യുന്നതിനുതുല്യമാണ്. ലഹരി ഉള്‍പ്പെടെ എല്ലാ തിന്മകളിലും എല്ലാ മതക്കാരും മതമില്ലാത്തവും ഉള്‍പ്പെടാറുണ്ട്.
ഫാ. ജെയിംസ് പനവേലിലിന് പിന്തുണ
ഞാനദ്ദേഹത്തിന്റെ(ഫാ. ജെയിംസ് പനവേലിലിന്‍രെ) പ്രസംഗം കേട്ടിരുന്നു. ക്രിസ്തുവിന്റെ പ്രബോധനങ്ങളിലധിഷ്ഠിതമായ ഒന്നാംതരം പ്രസംഗമായി എനിക്ക് തോന്നി. കാലികപ്രസക്തിയുള്ള വിഷയം ഭംഗിയായി അച്ചന്‍ അവതരിപ്പിച്ചു.
യേശു പകര്‍ന്നുതന്ന മൂല്യങ്ങള്‍ ക്രൈസ്തവസഭകള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മതവിദ്വേഷമൊക്കെ ഇന്ന് ഇത്ര ശക്തമായി പ്രകടമാകുന്നത്. ഇസ്‌ലാമോഫോബിയ എന്ന ആഗോളപ്രതിഭാസത്തെ മാര്‍പാപ്പ തള്ളിപ്പറഞ്ഞിട്ടുണ്ട്.
സഭകള്‍ എന്നും അധികാരത്തോടൊപ്പം
സ്ഥാപിതസഭകള്‍, ചുരുക്കം അപവാദങ്ങള്‍ ഒഴിച്ചാല്‍, എല്ലാക്കാലത്തും ഭരണാധികാര ശക്തികളോട് ചേര്‍ന്നുനില്‍ക്കാനും അവരെ പ്രീണിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ചരിത്രപരമായും ഇതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ, അവിടെ നഷ്ടപ്പെടുന്നത് സഭയുടെ പ്രവാചക പാരമ്പര്യവും സത്തയുമാണ്. ഉദാഹരണത്തിന് ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസിഭരണം നടക്കുമ്പോള്‍ അവിടത്തെ ക്രൈസ്തവ സഭകള്‍ പൊതുവെ നിശബ്ദരാകുകയോ അല്ലെങ്കില്‍ പരോക്ഷമായി അവിടത്തെ ഭരണകൂടത്തെ സപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായി. അതുപോലെത്തന്നെ സൗത്താഫ്രിക്കയിലും മറ്റു രാജ്യങ്ങളിലുമൊക്കെ വര്‍ണവെറി നിലനിന്നിരുന്ന കാലത്തും ഭരണവര്‍ഗത്തോട് പല സഭകളും യോജിച്ചുനില്‍ക്കുകയും ബൈബിളിനെപ്പോലും ഉപയോഗിച്ച് വര്‍ണവിവേചനത്തെ ന്യായീകരിക്കുകയുമുണ്ടായിട്ടുണ്ട്.
നമ്മുടെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലത്ത് മിക്കവാറും സഭകളൊക്കെ അതിനെ പരോക്ഷമായി പിന്തുണയ്ക്കുകയും മൗനമായിട്ടിരിക്കുകയുമൊക്കെ ചെയ്തു. എബ്രഹാം മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത മാത്രമാണ് അതിനൊരു അപവാദമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒരു കത്തയയ്ക്കാനെങ്കിലും ആര്‍ജവം കാണിച്ചത്. ഇങ്ങനെ ചരിത്രം പരിശോധിച്ചാല്‍ മിക്കവാറും സഭകള്‍ അതതുകാലത്തെ ഭരണവര്‍ഗത്തോട് ഒട്ടിനില്‍ക്കാനും അവരെ പ്രീണിപ്പിക്കാനുമൊക്കെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നു നമുക്ക് മനസിലാക്കാനാകും.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമുള്ളതായിരുന്നു
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80/20 അനുപാതം സംബന്ധിച്ച തര്‍ക്കം അല്‍പംകൂടി രമ്യമായി കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് എന്റെ പക്ഷം. സച്ചാര്‍ കമ്മീഷന്‍ മുസ്‌ലിംകലുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലോളി മുഹമ്മദ് കമ്മിറ്റി നടപ്പാക്കുകയായിരുന്നു. അത് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമുള്ളതായിരുന്നു. അതില്‍ ലത്തീന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ഉണ്ടായപ്പോള്‍ മുസ്‌ലിംകള്‍ എതിര്‍ത്തില്ല എന്നതാണ് 80/20 വരാനുള്ള സാഹചര്യം.
കേരള സര്‍ക്കാര്‍ ജസ്റ്റിസ് ജെബി കോശി കമ്മീഷനെ നിയോഗിച്ചത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനാണ്. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ക്രൈസ്തവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു കൂടുതല്‍ ആരോഗ്യകരമായ നിലപാട്. ഒരു സാമുദായിക ഭിന്നിപ്പ് ഒഴിവാക്കുകയും ചെയ്യാമായിരുന്നു.