ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സി.പി.എം പിൻവലിക്കണം: വി.ഡി സതീശന്‍
|'ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്'
തിരുവനന്തപുരം: ഏക സിവിൽകോഡ് വിഷയത്തിൽ സിപിഎമ്മിന്റെത് ആത്മാർഥതയില്ലാത്ത നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സി.പി.എം പിൻവലിക്കണം. മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്. ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോൾ സിവിൽ കോഡ് ആവശ്യം ഇല്ലന്ന് തന്നെയാണ് കോൺഗ്രസിന്റെ നിലപാട്. വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം ഏകസിവിൽ കോഡിന്റെ പശ്ചാത്തലത്തിൽ സുന്നി ഐക്യം അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ് ലിം ലീഗ് നേരത്തേ തന്നെ ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. ഇരുവിഭാഗം സമസ്തയുടേയും ഐക്യ നിലപാടിൽ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കും. ഏക സിവിൽ കോഡിനെതിരെ സമാന മനസ്‌കരോടൊപ്പം പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കുമെന്നും സാദിഖ് അലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.
'ഏകസിവിൽ കോഡിന്റെ പശ്ചാത്തലത്തിൽ സുന്നി ഐക്യം അനിവാര്യമാണ്. ഭിന്നതകളൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഒരൊറ്റ ശബ്ദത്തോടെ മുന്നോട്ടുപോവുകയെന്നുള്ളത് തന്നെയാണ്. അതിന് അദ്ദേഹം പോസിറ്റീവായ കുറേയേറെ കാര്യങ്ങൾ പറഞ്ഞു. അതിൽ സന്തോഷം. ആ കാര്യത്തിൽ മുസ്‌ലിം ലീഗ് അതിന്റേതായ കടമകൾ നിർവഹിക്കും. സുന്നി ഐക്യത്തിന് വേണ്ടി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇപ്പോൾ അതിന്റെ ഒരു അനിവാര്യ സന്ദർഭമാണ്. ജിഫ്രി മുത്തുക്കോയ തങ്ങളും സമാനമായ പ്രസ്താവന നടത്തിയതായി കണ്ടു. സന്തോഷം. ഇനി അതിനുള്ള വേദിയൊരുക്കുകയെന്നത് മാത്രമാണ് ഞങ്ങളുടെ ദൗത്യം. അത് മുസ്‌ലിം ലീഗ് നടത്തും'. സാദിഖ് അലി തങ്ങള്‍ പറഞ്ഞു.