Kerala
കോടഞ്ചേരിയിലെ മിശ്രവിവാഹം:  തീവ്ര സംഘങ്ങൾക്കെതിരെ മൗനം പാലിച്ച് സിപിഎം വിശദീകരണ യോഗം
Kerala

കോടഞ്ചേരിയിലെ മിശ്രവിവാഹം: തീവ്ര സംഘങ്ങൾക്കെതിരെ മൗനം പാലിച്ച് സിപിഎം വിശദീകരണ യോഗം

Web Desk
|
14 April 2022 2:05 AM GMT

മിശ്രവിവാഹത്തിന്റ പശ്ചാലത്തലത്തില്‍ വർഗീയ പ്രചാരണം നടത്തിയ കാസ പോലെയുള്ള തീവ്ര വിഭാഗങ്ങളെക്കുറിച്ച് സി പിഎം നേതാക്കള്‍ മൗനം പാലിച്ചു

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന്‍റെ പശ്ചാത്തലത്തിൽ സി.പി.എം നടത്തിയ വിശദീകരണ യോഗത്തിൽ വർഗീയ പ്രചാരണം നടത്തിയ തീവ്ര സംഘങ്ങള്‍ക്കെതിരെ മൗനം. രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങളെന്ന് പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി, കോൺഗ്രസിനെയും ആർ.എസ്.എസിനെയും വിമർശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേവലാതിക്കൊപ്പമാണെന്നും മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കൂട്ടിചേർത്തു.

സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം നടത്തിയ മിശ്ര വിവാഹം വിവാദമാക്കിയതിന് പിന്നില്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കമെന്നാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരിക്കുന്നത്.

യോഗത്തില്‍ അധ്യക്ഷത വഹിച്ച മുന്‍ എം.എല്‍.എ ജോർജ് എം തോമസും യുഡിഎഫിനെ പ്രതിസ്ഥാനത്ത് നിർത്തി. ജില്ലാ കമ്മറ്റിയംഗം വിശ്വനാഥന്‍റെ വിമർശം മുസ് ലിം സംഘടനകളിലേക്കും നീണ്ടു. എന്നാല്‍ മിശ്രവിവാഹത്തിന്റ പശ്ചാലത്തലത്തില്‍ വർഗീയ പ്രചാരണം നടത്തിയ കാസ പോലെയുള്ള തീവ്ര വിഭാഗങ്ങളെക്കുറിച്ച് സി പിഎം നേതാക്കള്‍ മൗനം പാലിച്ചു. അവർക്കെതിരെ പ്രചാരണം നടത്തേണ്ടേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെയും സി.പി.എം ജില്ലാ സെക്രട്ടറി അവഗണിച്ചു.

കോടഞ്ചേരി പള്ളി സഹവികാരിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാർച്ചിനെക്കുറിച്ച വിമർശവും സൂക്ഷ്മതയോടെയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വേവലാതി മനസിലാക്കുന്നതായി പറഞ്ഞ സി.പി.എം, സഭാനേതൃത്വവുമായുള്ളചർച്ചയുടെ സാധ്യതയും തുറന്നു. സംസ്ഥാന തലത്തില്‍ ഉയർന്ന വിമർശത്തിന്റെ പശ്ചാത്തലത്തില്‍ മിശ്രവിവാഹത്തെ അംഗീകരിക്കുമ്പോഴും കോടഞ്ചേരിയിലെ സാമുദായിക സമവാക്യത്തെ പിണക്കാതെ മുന്നോട്ടുപോകാനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്.

Related Tags :
Similar Posts