തലസ്ഥാനത്തെ റോഡ് നിർമാണ വിവാദം; കടകംപള്ളിക്ക് സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം
|പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിർമാണ വിവാദത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നും പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് മുതിർന്ന നേതാവിന്റെ പ്രസ്താവന എന്നും സംസ്ഥാന കമ്മിറ്റിയിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നില്ല.
തലസ്ഥാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം മേയറെ ഇരുത്തിക്കൊണ്ട് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതോടുകൂടിയാണ് പാർട്ടിക്കുള്ളിൽ വിവാദങ്ങൾക്ക് തുടക്കമായത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറഞ്ഞതോടെ വിവാദം വീണ്ടും കത്തി.
സംസ്ഥാന സെക്രട്ടറിയേറ്റിൽ മന്ത്രിക്കെതിരെയാണ് വിമർശനം ഉണ്ടായതെങ്കിൽ അതിന് നേർ വിപരീതമായിരുന്നു സി പി എം സംസ്ഥാന കമ്മിറ്റിയിലെ കാര്യങ്ങൾ. റോഡ് പണി വിവാദവുമായി ബന്ധപ്പെട്ട പ്രശ്നം അതീവ ഗൗരവമുള്ളതാണെന്ന സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ റിപ്പോർട്ടിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയിൽ കടകംപള്ളിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിപ്പോയി മുതിർന്ന നേതാവായ കടകംപള്ളി സുരേന്ദ്രനിൽ നിന്നുണ്ടായ പ്രസ്താവന. മുതിർന്ന നേതാവിൽ നിന്നുണ്ടാകാൻ പാടില്ലാത്ത നടപടിയായി പോയി, ഇങ്ങനെ പോകുന്നു കടകംപള്ളിക്ക് എതിരായ വിമർശനങ്ങൾ.
മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന പണി മൂന്ന് മാസം കൊണ്ട് തീര്‍ക്കാൻ ലക്ഷ്യമിട്ട് അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടക്ക് വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാക് പോരിന് തുടക്കമിട്ടതെന്നാണ് അംഗങ്ങൾ പറഞ്ഞത്. പൊതുമരാമത്ത് മന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിൽ വിമർശനം ഉണ്ടായി എന്ന വാർത്ത പാർട്ടി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പെള്ളി എന്ന മന്ത്രിയുടെ പരാമർശം ആരെ ഉദ്ദേശിച്ചാണ് എന്ന് ചോദ്യം ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.