Kerala
സി.പി.എം സംസ്ഥാനനേതൃയോഗങ്ങൾ ഇന്നാരംഭിക്കും; ഗവർണറുടെ നീക്കങ്ങൾ ചർച്ചയായും
Kerala

സി.പി.എം സംസ്ഥാനനേതൃയോഗങ്ങൾ ഇന്നാരംഭിക്കും; ഗവർണറുടെ നീക്കങ്ങൾ ചർച്ചയായും

Web Desk
|
4 Nov 2022 1:26 AM GMT

സംസ്ഥാനകമ്മിറ്റിയുടെ അനുമതി കിട്ടിയാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയുള്ള ബിൽ സർക്കാർ തയ്യാറാക്കും

തിരുവനന്തപുരം: ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ സി.പി.എമ്മിന്റെ സംസ്ഥാനനേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സി.പി.എം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

സർക്കാരിനേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കങ്ങളെ നേരിടാൻ തന്നെയാണ് സിപിഎം തീരുമാനം. രണ്ടാഴ്ചക്കാലം നീണ്ട് നിൽക്കുന്ന സമരപരമ്പര തന്നെ ഇടത് മുന്നണി തീരുമാനിച്ചിട്ടുണ്ട്. ഭരണത്തിലും സർവകലാശാലകളിലും ഗവർണർ തുടർച്ചയായി ഉണ്ടാക്കുന്ന പ്രതിസന്ധികൾ നേരിടേണ്ട രീതികൾ ഇന്ന് ആരംഭിക്കുന്ന സംസ്ഥാനനേതൃയോഗങ്ങൾ ചർച്ച ചെയ്യും.ചാൻസലർ പദവി ഉപയോഗിച്ച് കൊണ്ട് ഗവർണർ സർവകലാശാല കാര്യങ്ങളിൽ അമിതമായി ഇടപെടുന്നത് കൊണ്ട് ഇക്കാര്യം നേതൃയോഗം വിശദമായി പരിശോധിക്കും.

മറ്റ് ചില സംസ്ഥാനങ്ങൾ ചെയ്തത് പോലെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ആലോചനകൾ പാർട്ടി നേതൃത്വത്തിൽ സജീവമാണ്. സംസ്ഥാനകമ്മിറ്റിയുടെ അനുമതി കിട്ടിയാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയുള്ള ബിൽ സർക്കാർ തയ്യാറാക്കും. ഗവർണറെ രാഷ്ട്രീയമായും നിയമപരമായും എങ്ങനെ നേരിടാമെന്നും പാർട്ടി നേതൃത്വം ആലോചിക്കും.

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപത് ആക്കി ഉയർത്താനുള്ള തീരുമാനം പാർട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാനസെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പാർട്ടി അറിയാതെ ഇങ്ങനെ ഒരുത്തരവ് എങ്ങനെ വന്നുവെന്ന കാര്യവും നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരും.കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ യോഗത്തിൽ സംസ്ഥാനസെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം സ്വപ്ന സുരേഷ് നിരന്തരമായി ഉന്നയിക്കുന്ന ആരോപണങ്ങളെ നേരിടേണ്ട രീതിയും പാർട്ടി ചർച്ച ചെയ്യുമെന്നാണ് വിവരം.


Similar Posts