വിവാദങ്ങള്‍ക്കിടെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
|ജില്ലാ കമ്മിറ്റികളില്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും യോഗങ്ങളില്‍ ചർച്ചക്ക് വരും
തിരുവനന്തപുരം: എസ്.എഫ് .ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും.ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ജില്ലാ കമ്മിറ്റികളില്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും യോഗങ്ങളില്‍ ചർച്ചക്ക് വരും.
സമീപ കാലത്ത് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എസ്.എഫ്.ഐക്കതിരെ ഉയരുന്ന ആരോപണങ്ങള്‍. സർക്കാരിനെ പ്രതിരോധിക്കുന്നതിനെക്കാള്‍ ശക്തിയോടെ എസ്.എഫ്.ഐയെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്ക് പാർട്ടി എത്തിച്ചേർന്നിട്ടുണ്ട്.ഇതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.മൂന്ന് ദിവസമായി നടക്കുന്ന നേതൃയോഗങ്ങളില്‍ വിഷയം ചർച്ചക്ക് വരും.എസ്.എഫ് .ഐയിലെ അഴിച്ച് പണി അടക്കം പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.എസ്.എഫ്.ഐ നേതാക്കള്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനം ഉണ്ടാകും.
സമ്മേളന കാലത്തെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റികളില്‍ എടുത്ത നടപടികള്‍ യോഗങ്ങളില്‍ റിപ്പോർട്ട് ചെയ്യും. സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് മറ്റൊരു പ്രധാന അജണ്ട. എഐ ക്യാമറ വിവാദം. കെ സുധാകരനും വിഡി സതീശനും എതിരായ കേസുകള്‍.ഇവയെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍ യോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് ജി ശക്തിധരന് ഉയർത്തിയ ആരോപണത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. അതുകൊണ്ട് ഇക്കാര്യം യോഗങ്ങളില്‍ കാര്യമായ ചർച്ചക്ക് വന്നേക്കില്ല.