സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
|സ്വര്‍ണക്കവര്‍ച്ച കേസ് സംബന്ധിച്ച ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് ചര്‍ച്ചയാകും.
രാമനാട്ടുകര സ്വര്‍ണ്ണക്കവര്‍ച്ച ശ്രമക്കേസിലെ പ്രധാന കണ്ണികള്‍ സി.പി.എം നേതാക്കളാണെന്ന ആരോപണം ഉയര്‍ന്നിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം നിലപാട്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും. എം.സി ജോസഫൈന് രാജിവെച്ച സാഹചര്യത്തില്‍ അടുത്ത വനിത കമ്മീഷന് അധ്യക്ഷയാര് എന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടന്നേക്കും.
അതേസമയം, രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളായ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ചാം ദിവസമാണ് അർജുനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
അന്വേഷണം മുൻപോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന മൊഴികൾ ഇതുവരെ അർജുനിൽ നിന്ന് ലഭിച്ചിട്ടില്ല. കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്ന മൊഴിയിൽ അർജുൻ ഉറച്ചു നിൽക്കുകയാണ്. അർജുനെയും ഷെഫീഖിനെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്.