പൗരത്വ ഭേദഗതി നിയമം: കേന്ദ്ര സർക്കാറിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
|പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകർത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമം. ഇത് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയർന്നുവന്നതാണ്. കേരളത്തിൽ ഇത് നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. യാതൊരുകാരണവശാലും അതുകൊണ്ട് തന്നെ കേരളത്തിൽ ഈ നിയമം നടപ്പാക്കപ്പെടുകയില്ല -കുറിപ്പിൽ പറഞ്ഞു.
ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രിംകോടതിയിൽ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നതെന്നത് യാദൃച്ഛികമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേർന്നുകൊണ്ട് ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കിയത് വർഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിധിയിലെ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു. സിഎഎയിലൂടെ ബിജെപിയുടെ വർഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഒരു മതവിഭാഗത്തെ അന്യവത്ക്കരിക്കുകയാണെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയവും നിയമപരവുമായ പോരാട്ടങ്ങളിലൂടെ എതിർക്കുമെന്നും എല്ലാവരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ വീണ്ടും വരികയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കുമെന്നത് കേരളം വിട്ടുവീഴ്ചയില്ലാതെ സ്വീകരിച്ചിട്ടുള്ള നയമാണെന്നും ജനങ്ങളെ വർഗീയമായി വിഭജിച്ചും രാജ്യത്ത് വർഗീയത വളർത്തിയും രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നവരുടെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതാൻ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായ പ്രതിഷേധം നാടാകെ ഉയർന്നു വരണമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.