എ.ഐ ക്യാമറ അഴിമതി ആരോപണം ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്
|എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്തെത്തി
തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതി ആരോപണം ചർച്ച ചെയ്യാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ വിശദീകരിച്ചില്ല. സംഘടനാ വിഷയങ്ങൾ മാത്രമാണ് ഇന്ന് ചർച്ച ചെയ്തത്. വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിന്റെ പരിഗണനക്ക് വന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെയടക്കം കമ്മീഷൻ റിപ്പോർട്ടുകൾ പരിഗണനക്ക് വന്നെന്നാണ് സൂചന.
അതേസമയം എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്തെത്തി. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാമെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് മറുപടി പറയുന്നത്. അപ്പോൾ പറയും മുഖ്യമന്ത്രി ഇടപെട്ടുവെന്ന്. മിണ്ടാതിരുന്നാൽ പറയും എന്തോ ഒളിച്ചു വയ്ക്കുന്നുവെന്ന്. അന്വേഷണം നടക്കട്ടെ. ഈ അന്വേഷണത്തിനിടയിൽ എന്താണ് മുഖ്യമന്ത്രി പറയേണ്ടത്? അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തിൽ അദ്ദേഹമെങ്ങനെയാണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി അങ്ങനെ അഭിപ്രായം പറയണമെന്നാണെങ്കിൽ അതിന് മനസ്സില്ലെന്നാണ് പറയാനുള്ളത്. അഴിമതി ആരോപണം ഒരു സംവിധാനം വഴിയും തെളിയിക്കാനായിട്ടില്ല. നിയമപരമായി നടക്കേണ്ട കാര്യങ്ങൾ അങ്ങനെ നടക്കും. പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാം'. എ.കെ ബാലൻ പറഞ്ഞു.