'കോൺഗ്രസിനെ സംഘ്പരിവാർ പാളയത്തിൽ എത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങി': വിമർശനവുമായി സി.പി.എം
|കേരളത്തിലെ കോൺഗ്രസ്സിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നതെന്നും സിപിഎം
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. കോൺഗ്രസിനെ സിപിഎം പാളയത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം കുറ്റപ്പെടുത്തി. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനം സുധാകരനും സ്വീകരിക്കുന്നുവെന്നും സിപിഎം വിമർശിച്ചു. അടുത്തിടെ കെ സുധാകരൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ വിമർശനം.
ആർ.എസ്.എസുമായി താൻ ചർച്ച നടത്തിയുട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആർ.എസ്.എസിന്റെ ശാഖകൾക്ക് സംരക്ഷണം നൽകി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആർ.എസ്.എസ് അനുകുല നിലപാടുകൾ തിരുത്തുന്നതിന് പകരം ജവഹർലാൽ നെഹറുവിനെ പോലും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായികരിക്കാനാണ് സുധാകരൻ വീണ്ടും പരിശ്രമിക്കുന്നത്. കേരളത്തിലെ കോൺഗ്രസ്സിനെ ബി.ജെ.പിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. സുധാകരൻ നയിക്കുന്ന കോൺഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്ന ആർ.എസ്.എസ് വിധേയത്വം തിരിച്ചറിയണം. ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വത്തിന്റെയും യു.ഡി.എഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.