സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നിരവധി പരാതി: ജോർജ് എം തോമസിനെ സി.പി.എം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു
|തിരുവമ്പാടി മുൻ എംഎൽഎയും മലയോര മേഖലയിലെ സിപിഎമ്മിന്റെ പ്രബല നേതാവുമായ ജോർജ് എം തോമസിനെതിരെ ഗുരുതരമായ നിരവധി പരാതികളാണ് ഉയർന്നത്
കോഴിക്കോട്: ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരെ കടുത്ത നടപടിയുമായി സി.പി.എം. ജോർജ് എം തോമസിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. നടപടി വേണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു.
തിരുവമ്പാടി മുൻ എംഎൽഎയും മലയോര മേഖലയിലെ സിപിഎമ്മിന്റെ പ്രബല നേതാവുമായ ജോർജ് എം തോമസിനെതിരെ ഗുരുതരമായ നിരവധി പരാതികളാണ് ഉയർന്നത്. പാർട്ടി തിരുവമ്പാടി ഏരിയ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ കെ.കെ. മുഹമ്മദ്, കെ.കെ. ദിനേശൻ എന്നിവരടങ്ങിയ രണ്ടംഗ കമീഷനെ നിയോഗിച്ചു. കോടഞ്ചേരി കേന്ദ്രീകരിച്ച് കോൺഗ്രസുകാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ലേബർ കോൺട്രാക്റ്റ് കോ ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് വഴി വിട്ട സഹായം ജോർജ് എം തോമസ് ചെയ്തെന്നായിരുന്നു ഒരു പരാതി.
അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തി. ക്വാറി ഉടമകളുടെ രക്ഷാധികാരിയെന്ന നിലയിൽ ക്വാറിക്കാരിൽ നിന്നും പണവും വലിയതോതിൽ സൗജന്യങ്ങളും നേടിയടുത്തു. ചികിത്സയുടെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കി തുടങ്ങി നിരവധി പരാതികളാണ് ലഭിച്ചത്.
അന്വേഷണ കമ്മീഷൻ ഈ പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കൂടെ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് ചർച്ചചെയ്തു. പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കാൻ ശിപാർശ ചെയ്തു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചു. ഒരു വർഷത്തെ സസ്പെൻഷനൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തും. ഇതോടെ കർഷകസംഘം ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും പോഷക സംഘടന ഭാരവാഹിത്വങ്ങളിൽ നിന്നും ഒഴിവാക്കും.
CPM suspends George M Thomas for one year for breach of discipline including financial irregularities