Kerala
സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം; മെഗാ തിരുവാതിരയും ചർച്ചയാകും
Kerala

സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം; മെഗാ തിരുവാതിരയും ചർച്ചയാകും

Web Desk
|
14 Jan 2022 2:59 AM GMT

തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്

സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അരുവിക്കരയിലെ തെരഞ്ഞെടുപ്പിൽ വികെ മധു വീഴ്ച വരുത്തിയത്,അനുപമയുടെ കുഞ്ഞിൻറെ ദത്ത് വിവാദം,തിരുവാതിര വിവാദം എന്നിവ ജില്ലാസമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. പാർട്ടിക്കുള്ളിൽ ചില ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന. തലസ്ഥാന ജില്ലയിലെ 14 നിയമസഭ സീറ്റിൽ 13 ലും ഇടത് മുന്നണിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അതിന് മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വമ്പിച്ച മുന്നേറ്റം ജില്ലയിലുണ്ടാക്കാൻ സിപിഎമ്മിന് കഴിഞ്ഞു. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഏതാനും ദിവസങ്ങളിൽ ഉണ്ടാകില്ല. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂർണ്ണ സമയം സമ്മേളനത്തിൽ പങ്കെടുക്കും.ജില്ലാ നേതൃത്വത്തിനെതിരെ ഭിന്നതകൾ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ അതിനെ മറികടക്കാൻ കഴിയുന്ന തെരഞ്ഞെടുപ്പ് വിജയങ്ങൾ നിലവിലെ പാർട്ടി നേതൃത്വം നേടിയത് കരുത്തായി.

ആനാവൂർ നാഗപ്പൻറെ പ്രവർത്തന രീതിയോട് എതിർപ്പുള്ളവർ ജില്ലാ നേതൃത്വത്തിൽ ഉണ്ടെങ്കിലും തിരുത്തൽ ശക്തിയായി അവർ വളർന്നിട്ടില്ല. ജില്ല സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയ വികെ മധുവിനെ തിരികെ കൊണ്ട് വരണമെന്നാവശ്യവും ശക്തമാണ്. എസ് പുഷ്പതല,എംജി മീനാംബിക എന്നിവരിൽ ഒരാൾ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വരും. ജില്ലാകമ്മിറ്റിയിലേക്ക് എംഎൽഎമാരായ വികെ പ്രശാന്ത്,ജി സ്റ്റീഫൻ എന്നിവരെ പരിഗണിക്കുന്നുണ്ട്. എന്നാൽ നാൽപത് വയസ്സിന് താഴെയുള്ള രണ്ട് പേരെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടാൽ ഇവർക്കുള്ള സാധ്യത മങ്ങും. ഇക്കാര്യത്തിൽ സംസ്ഥാനനേതൃത്വത്തിൻറെ നിലപാടാണ് നിർണ്ണായകം.

Similar Posts