കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഈ മാസം 26 വരെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് എം.എം വർഗീസ്
|തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെന്നാണ് ഇ.ഡി നോട്ടീസിന് എം.എം വർഗീസിന്റെ മറുപടി
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ ഇ.ഡി നോട്ടീസിന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് മറുപടി നൽകി. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്നാണ് എം.എം വർഗീസ് അറിയിക്കുന്നത്. ജില്ലാ സെക്രട്ടറിയായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെന്നും ഇ- മെയിൽ വഴി അയച്ച മറുപടിയിൽ പറയുന്നു.
കേസിൽ നാലു പ്രാവശ്യം എം.എം വർഗീസിനെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ പേരിലുള്ള അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണെന്നാണ് ഇ.ഡി ആരോപണം. പാർട്ടിക്ക് ബാങ്കിൽ ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നും സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നും മറച്ചുവെക്കേണ്ടതില്ലെന്നുമാണ് എം.എം വർഗീസിന്റെ പ്രതികരണം. അതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജുവിനോട് നാളെയും സി.പി.എം കൗൺസിലർ പി.കെ ഷാജനോട് മറ്റന്നാളും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്.