Kerala
CPM Alappuzha district secretariat assessed that the SDPI and Welfare Party supported UDF in Lok Sabha elections 2024, Lok Sabha 2024, Elections 2024
Kerala

ലോക്സഭാ ​തെരഞ്ഞെടുപ്പിലെ തിരിച്ചടി: സി.പി.എം തിരുത്തൽ മാർഗരേഖക്ക് ഈ മാസം അവസാനത്തോടെ അന്തിമ രൂപമാകും

Web Desk
|
6 July 2024 1:04 AM GMT

പാർട്ടിയിലും, സർക്കാരിലും തിരുത്തൽ ഉണ്ടായില്ലെങ്കിൽ ബംഗാളും, ത്രിപുരയും ആവർത്തിക്കും എന്ന ഭയം സിപിഎം നേതാക്കൾക്ക് ഉണ്ട്

തിരുവനന്തപുരം: ലോക്സഭാ ​തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പാർട്ടിക്കുണ്ടായ തിരിച്ചടിമറികടക്കാനുള്ള സി പി എമ്മിന്റെ തിരുത്തൽ മാർഗരേഖക്ക് ഈ മാസം അവസാനത്തോടെ അന്തിമ രൂപമാകും. 19 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലാണ് തിരുത്തൽ രേഖ തയ്യാറാക്കുന്നത്. സർക്കാരിന്റെ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം, നേതാക്കളുടെ പ്രവർത്തന ശൈലി അടക്കം യോഗങ്ങളിൽ ചർച്ചയാകും.

തെറ്റുകൾ സംഭവിക്കുമ്പോഴാണ് തിരുത്തലുകൾ ഉണ്ടാകുന്നത്. ചില വലിയ തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ സിപിഎമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട് . ആ െതറ്റുകൾ പാർട്ടി തലത്തിൽ മാത്രമല്ല, സർക്കാരിലും ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎമ്മിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഉണ്ടായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പാർട്ടിയിലും, സർക്കാരിലും തിരുത്തൽ ഉണ്ടായില്ലെങ്കിൽ ബംഗാളും, ത്രിപുരയും ആവർത്തിക്കും എന്ന ഭയം സിപിഎം നേതാക്കൾക്ക് ഉണ്ട്.

തിരുത്തൽ എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന് ആലോചനയാണ് സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത്. തിരുത്തൽ തുടങ്ങേണ്ടത് മേൽത്തട്ടിൽ നിന്നു തന്നെയാണെന്ന ബോധ്യവും പാർട്ടി നേതൃത്വത്തിൽ ഉണ്ട്. പാർട്ടി മേൽത്തട്ടിൽ മാത്രമല്ല, സർക്കാരിന്റെ മേൽ തട്ടിലും. ഇതിൻറെ അടിസ്ഥാനത്തിലുള്ള സിപിഎമ്മിന്റെ തിരുത്തൽ രേഖയ്ക്ക് ഈ മാസം 22 ഓടെ അന്തിമരൂപം ആകും. 19ന് സംസ്ഥാന സെക്രട്ടറിയേറ്റും, 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയരുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റി തിരുത്തൽ രേഖയ്ക്ക് അന്തിമ രൂപം നൽകും.

സർക്കാരിന്റെ മുൻഗണനാക്രമങ്ങളിൽ മാറ്റം വരുത്തിയാണ് തിരുത്തലിന് തുടക്കമിടുന്നത്. സാധാരണക്കാരെ സ്വാധീനിക്കുന്ന ക്ഷേമപെൻഷൻ അടക്കമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകും. തുടർഭരണം ഉണ്ടായതിന് പിന്നാലെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ അടക്കം അധികാര കേന്ദ്രങ്ങളായി മാറിയെന്ന് സി പി എം തിരിച്ചറിയുന്നുണ്ട്. ഇത് തിരുത്താൻ ആവശ്യമായ നിർദ്ദേശങ്ങളും പാർട്ടി നൽകും.

ജനങ്ങൾക്ക് നഷ്ടമായ പാർട്ടിവിശ്വാസം തിരിച്ചെടുക്കാൻ ആവശ്യമായ സജീവ ഇടപെടലുകൾ എല്ലാ മേഖലകളിലും നടത്താനാണ് സിപിഎമ്മിന്റെ ആലോചന. ഹൈന്ദവ ആരാധനാലയങ്ങളിലെ ആർഎസ്എസിന്റെ കടന്നുകയറ്റം തടയാനുള്ള നിർദ്ദേശവും തിരുത്തൽ രേഖയിൽ ഉണ്ടാകും. ന്യൂനപക്ഷങ്ങൾക്കൊപ്പം തങ്ങളുണ്ട് എന്ന് ബോധ്യപ്പെടുത്താൻ, CAA മണിപ്പൂർ വിഷയങ്ങളിലെ പാർട്ടി നിലപാട് ആവർത്തിക്കാനാണ് സാധ്യത. എസ്എൻഡിപിയുടെ സംഘപരിവാർ സ്നേഹത്തെ തുറന്നകാണിക്കണമെന്ന പാർട്ടിക്കുള്ളിലെ അഭിപ്രായത്തോട് നേതൃത്വത്തിനും വിയോജിപ്പില്ല. മുഖ്യമന്ത്രി അടക്കമുള്ളവർ അതിന് നേതൃത്വം നൽകിയേക്കും.

Related Tags :
Similar Posts