Kerala
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും ; സെക്രട്ടറിയായി കോടിയേരി തുടരാൻ സാധ്യത
Kerala

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും ; സെക്രട്ടറിയായി കോടിയേരി തുടരാൻ സാധ്യത

Web Desk
|
4 March 2022 1:35 AM GMT

പുതുമുഖങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റും കമ്മറ്റിയും പുനഃസംഘടിപ്പിക്കാനാണ് ആലോചന

തിങ്കളാഴ്ചയാരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനം ഇന്നവസാനിക്കും . സെക്രട്ടറിയായി കോടിയേരിയെ നിലനിർത്താനാണ് സി പി എം സംസ്ഥാന നേതൃത്വത്തിലെ ധാരണ. തീരുമാനം അംഗീകരിക്കപ്പെട്ടാൽ സെക്രട്ടറി പദവിയിൽ കോടിയേരിക്ക് മൂന്നാമൂഴമാകും.

സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും തലമുറ മാറ്റമുണ്ടാകും. ആനത്തലവട്ടം ആനന്ദൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവർ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാകും. എം.വിജയകുമാറോ, കടകംപള്ളി സുരേന്ദ്രനോ ആനത്തലവട്ടത്തിന്റെ ഒഴിവിൽ സെക്രട്ടേറിയറ്റിലെത്താൻ സാധ്യതയുണ്ട്. വനിതകളിൽ ജെ.മെഴ്‌സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാൾ പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിമാരിൽ സജി ചെറിയാനെക്കാൾ സാധ്യത വി.എൻ.വാസവനാണ് . യുവ പ്രതിനിധിയായി എം.സ്വരാജിനെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. എസി മെയ്തീൻ ,. മുഹമ്മദ്‌റി യാസ് , എ എൻ ഷംസീർ , എന്നിവരിൽ ഒരാൾ സെക്രട്ടറിയേറ്റിലേക്ക് വന്നേക്കും.

കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. പി.ജയരാജൻ ഇത്തവണയും സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെടാനിടയില്ല. സെക്രട്ടറിയേറ്റിന്റെ അംഗസംഖ്യ 16 ൽ നിന്ന് 17 ആയി ഉയർത്താനും സാധ്യതയുണ്ട്.എസ് എഫ് ഐ - ഡിവൈഎഫ്‌ഐ നേതൃനിരയിൽ നിന്ന് എ എ റഹിം, വി പി സാനു, എൻ സുകന്യ, ജെയ്ക് സി തോമസ്, എസ് സതീഷ്, സച്ചിൻ ദേവ് ഉൾപ്പടെയുള്ളവരിൽ ചിലർ സംസ്ഥാന കമ്മറ്റിയിലേക്ക് കടന്നു വരുമെന്ന് ഉറപ്പാണ്. മന്ത്രിമാരായ ആർ ബിന്ദു, വീണ ജോർജ് എന്നിവരും ആലോചനയിലുണ്ട്.പ്രകടനവും റെഡ് വൊളന്റിയർ മാർച്ചും ഒഴിവാക്കിയാണ് മറൈൻ ഡ്രൈവിൽ സമാപന സമ്മേളനം നടത്തുക.

Similar Posts